ഗള്‍ഫ് മേഖലയിലെ അസ്ഥിരതയ്ക്ക് ആഴംകൂട്ടി സൗദി-യുഎഇ സഖ്യപ്രഖ്യാപനം

ഗള്‍ഫ് മേഖലയിലെ അസ്ഥിരതയ്ക്ക് ആഴംകൂട്ടി സൗദി-യുഎഇ രാഷ്ട്രീയ,സൈനിക സഖ്യപ്രഖ്യാപനം. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയാണ് ഇരുരാജ്യങ്ങളുടേയും നടപടി. ഇതോടെ ഖത്തര്‍ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ കുവൈറ്റില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടി വെട്ടിച്ചുരുക്കി. 

ഖത്തര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുണ്ടായ കനത്ത രാഷ്ട്രീയചേരിതിരിവാണ് ജിസിസിയെ തകര്‍ക്കുന്ന നിലയില്‍ വഷളായത്. കൗണ്‍സിലില്‍ ഖത്തറിനെതിരെ നിലയുറപ്പിച്ച യുഎഇയും സൗദി അറേബ്യയും പുതിയ രാഷ്ട്രീയ, സാമ്പത്തിക, സൈനിക സഖ്യം പ്രഖ്യാപിച്ചു. കുവൈറ്റില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടിയില്‍ യുഎഇ പ്രതിനിധിയാണ് പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇരുരാജ്യങ്ങള്‍ക്കുമൊപ്പം ഖത്തറിനെതിരെ നിലയുറപ്പിച്ച ബഹറിന്‍ ഇതിനെ തള്ളിപ്പറയാനും സാധ്യതയില്ല. ആകെ ആറുരാജ്യങ്ങള്‍ മാത്രമാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ ഉള്ളത്. 

ഇറാനുമായി അടുപ്പം വര്‍ധിപ്പിക്കുന്നുവെന്ന സൂചനയെത്തുടര്‍ന്നാണ് സൗദിയും മറ്റുമൂന്ന് ജിസിസി രാജ്യങ്ങളും ഖത്തറിനെതിരെ തിരിഞ്ഞത്. ഖത്തര്‍ ഭീകരസംഘടനകളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും അയല്‍രാജ്യങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നും ആരോപിച്ച് ഗതാഗതനിയന്ത്രണം അടക്കം കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ പ്രതിസന്ധി ഈ മേഖലയില്‍ സാമ്പത്തിക ഏകീകരണം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കും യൂറോപ്പ് ഉള്‍പ്പെടെ രാജ്യാന്തര സമ്പദ്ഘടനയിലും പ്രശ്നങ്ങളുണ്ടാക്കും.