കവിതയുടെ ലോകത്ത് അക്ഷരങ്ങളെ ചേര്‍ത്തുവച്ച് അയ്യപ്പന്‍ അടൂര്‍

വൈകല്യത്തെ അതിജീവിച്ച് എട്ടാം ക്ലാസുകാരന്‍ പുറത്തിറക്കിയ കവിതാ സമാഹാരം മലയാളികള്‍ക്ക് ശിശുദിന സമ്മാനമായി. സെറിബ്രല്‍ പാള്‍സി തളര്‍ത്തിയ അയ്യപ്പന്‍ അടൂരാണ് അക്ഷരങ്ങളെ കൂട്ടുപിടിച്ച് ജീവിതത്തെ കാവ്യമയമാക്കുന്നത്. 

ശരീരം തീര്‍ത്ത വിലങ്ങുകളെ പൊട്ടിച്ചെറിഞ്ഞാണ് അയ്യപ്പന്‍ കവിതയുടെ ലോകത്ത് അക്ഷരങ്ങളെ ചേര്‍ത്തുവച്ചത്. ഏഴാം വയസില്‍ ചിത്രശലഭത്തെക്കുറിച്ചായിരുന്നു ആദ്യ കവിത. പിന്നീട് കാണുന്നതെല്ലാം കവിതകളാക്കി. തിരഞ്ഞെടുത്ത ഇരുപത് കവിതകള്‍ ഉള്‍പെടുത്തി പുറത്തിറക്കിയ എന്‍റെ ലോകം കവിതാസമാഹാരം ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തിലാണ് പ്രകാശനം ചെയ്തത്. 

അബുദാബി എമിറേറ്റ്സ് പോസ്റ്റ് ജീവനക്കാരനും അടൂര്‍ ഏഴംകുളം സ്വദേശിയുമായ പദ്മരാഗത്തില്‍ പ്രദീപിന്‍റെയും രശ്മിയുടെയും മകനായ അയ്യപ്പനായിരുന്നു മേളയുടെ താരം. തന്‍റെ ആദ്യപുസ്തകം അന്തരിച്ച കവയിത്രി കൊല്ലം സ്വദേശി ഹസീനയ്ക്ക് സമര്‍പ്പിച്ചും അയ്യപ്പന്‍ കയ്യടി നേടി. ഇതേ വേദിയില്‍വച്ചായിരുന്നു ഹസീനയുടെ ദൈവത്തിനോടായ് കവിതാ സമാഹാരം പ്രകാശനം ചെയ്തത്. അയ്യപ്പന്‍റെ കവിതാസമാഹാരം ഇംഗ്ലീഷ്, അറബി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുമെന്ന സ്വദേശിയുടെ പ്രഖ്യാപനത്തോടെ ഭാഷകളുടെ അതിരുകള്‍ ഭേദിക്കാനൊരുങ്ങുകയാണ് ഈ പതിനാലുകാരന്‍.