സമൂഹ മാധ്യമങ്ങൾ വഴി പരസ്യം ചെയ്തു വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്

അബുദാബി/ദുബായ്.  സമൂഹ മാധ്യമങ്ങൾ വഴി പരസ്യം ചെയ്തു വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്.   അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾ നല്കുന്നതിലേറെ നാൽപ്പത് ശതമാനം വിലക്കുറവിൽ ജോലിക്കാരെ നൽകുമെന്നാണ് പരസ്യക്കാരുടെ 'ഓഫർ '.

വിവിധ എമിറേറ്റുകളിലുള്ള  ബാർബർ ഷോപ്പ് ജീവനക്കാരാണ് പ്രധാനമായും ഇത്തരം പരസ്യങ്ങൾ നൽകി ജോലിക്കാരെ കൈമാറുന്നതെന്നാണ് കണ്ടെത്തിയിട്ടുണ്ട്. . വാട്സ് ആപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാണ് പലരും പരസ്യം ചെയ്യുന്നത്. ഇന്തോനേഷ്യ , ഫിലിപ്പീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ടൂറിസ്റ്റ് വീസകളില്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവന്നു ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് രീതി.

പരസ്യം കണ്ടു വിളിക്കുന്നവര്‍ക്ക് വീട്ടുജോലിക്കാരെ ലഭിച്ചതായി ഷാര്‍ജയിലുള്ള ഒരു സ്വദേശി വനിത   വെളിപ്പെടുത്തി. വാട്സ് ആപ് വഴി ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് ജോലിക്കാരെ ലഭിച്ചത്. 9000 ദിര്‍ഹം നല്‍കിയാല്‍ ഒരു ഫിലിപ്പീന്‍ ജോലിക്കാരിയെ നല്‍കാം എന്നാണു ബ്യൂട്ടി പാര്‍ലര്‍  നടത്തുന്ന ഇവര്‍ പറഞ്ഞത്. ഇതനുസരിച്ച് 18000 ദിര്‍ഹം നല്‍കിയാതിനാല്‍ രണ്ട് വീട്ടു ജോലിക്കാരെ ലഭിച്ചതായി വീട്ടമ്മ പറഞ്ഞു. ഇതു റിക്രൂട്ടിംഗ് ഏജന്‍സി വഴിയാണെങ്കില്‍ വിസാ ചെലവുകള്‍ ഉള്‍പ്പെടെ 32000 ദിര്‍ഹമെങ്കിലും വേണ്ടിവരുമെന്ന് അവര്‍ സൂചിപ്പിച്ചു.

ടൂറിസ്റ്റ് വിസയില്‍ കൊണ്ടുവന്നു സ്വദേശികളുടെ സ്പോസര്‍ഷിപ്പിലേക്ക് മാറ്റുകയാണ് ചെയ്യുക. കുറഞ്ഞ ദിവസം കൊണ്ട് ടൂറിസ്റ്റ് വിസയില്‍ ഇവര്‍ ജോലിക്കാരെ എത്തിച്ചു ആവശ്യക്കാര്‍ക്ക് കൈമാറും. എന്നാല്‍ നാല് മാസം ജോലിചെയ്തു ജോലിക്കാരി ഒളിച്ചോടി. ഇക്കാര്യം വീട്ടു ജോലിക്കാരിയെ നല്‍കിയ വ്യക്തിയെ അറിയിച്ചപ്പോള്‍ ഒളിച്ചോട്ടത്തിന്റെ  ഉത്തരവാദിത്വം  ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയാണ്    ചെയ്തതെന്നും പരാതിയുണ്ട്.  

ഇതേ മാര്‍ഗത്തിലൂടെ ജോലിക്കാരിയെ ലഭിച്ച സ്വദേശി പൗരന്‍ ബദര്‍ അല്‍ കഅബിക്ക് ചെലവായത് 8000  ദിർഹമാണ്. പുറമേ  അധിക തുകയായി 1430 ദിർഹം നൽകി. ടൂറിസ്റ്റ് വിസയിൽ നിന്നും തൊഴിൽ വിസയിലേക്ക് മാറാൻ 550 ദിർഹമാണ് നൽകിയത്. 880  ദിർഹം താമസ കുടിയേറ്റ വകുപ്പിൽ വിസ പാസ്‌പോർട്ടിൽ പതിക്കുന്നത് വരെ ചെലവായി. റിക്രൂട്ടിങ് ഏജൻസികൾ വഴി ഒരു വീസ എടുക്കുകയാണെങ്കില്‍ 16000 ദിര്ഹമിൽ കൂടുതൽ നല്‍കേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്. ഇതാണ് സമൂഹ മാധ്യമ പരസ്യങ്ങളിലെക്ക് ആകര്‍ഷിക്കപ്പെടുന്ന ഘടകം.

ഏകീകൃത തൊഴിൽ കരാർ ഉണ്ടെങ്കിൽ മാത്രെമേ ഈ രണ്ടു രാജ്യങ്ങളിൽ നിന്നും ഗാർഹിക ജീവനക്കാരെ കൊണ്ടുവരാൻ സാധിക്കൂ എന്ന സൗകര്യം മറയാക്കിയാണ് വ്യക്തികൾ അനധികൃത റിക്രൂട്ട് നടത്തുന്നത്. ബ്യുട്ടി പാർലറിലും സലൂണുകളിലും ജോലിചെയ്യുന്നവർ അധിക വരുമാനത്തിന് വേണ്ടിയാണ് ഇത്തരം വഴികൾ സ്വീകരിക്കുന്നത്. ഇതിനായി ഇരു രാജ്യങ്ങളിലും ഇടനിലക്കാർ പ്രവര്‍ത്തിക്കുന്നുണ്ട്.  

റിക്രൂട്ടിങ് ഏജൻസികൾക്ക് ഇടിവ്

അനധികൃത തൊഴിൽ റിക്രൂട്ടിങ് മൂലം ഈ രംഗത്തുള്ള അംഗീകൃത സ്ഥാപനങ്ങൾക്ക് ജോലി ഗണ്യമായി കുറഞ്ഞു. ഒരു ദിവസം 70 അപേക്ഷകളിൽ വരെ ഇടപാട് നടത്തിയിരുന്ന ഓഫീസുകളിൽ ഇപ്പോൾ മുപ്പതിൽ കവിയാത്ത അപേക്ഷകൾ മാത്രമാണ് ലഭിക്കുന്നത്. തൊഴിലാളികൾ ഒളിച്ചോടുന്നത് അടക്കമുള്ള സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ വ്യക്തിഗത റിക്രൂട്ടിങ് കൊണ്ട് സാധിക്കില്ല. എങ്കിലും ചെലവ് കുറവായതിനാൽ അനധികൃത മാർഗമാണ് പലരും സ്വീകരിക്കുന്നതെന്ന് റിക്രൂട്ടിങ് ഏജൻസി നടത്തിപ്പുകാർ പറയുന്നു. 

ഗാർഹിക ജോലികൾ ലഭിക്കുന്നതിനായി ഫിലിപ്പീന് , ഇന്തോനേഷ്യ രാജ്യങ്ങളിൽ നിന്നുള്ള വനിതകൾ യു എ ഇ യിലേക്ക് ടൂറിസ്റ്റ് വീസയിൽ വരുന്നത് കൂടിയിട്ടുണ്ട്. പലരും ഇവിടെ എത്തിയ ശേഷം വീടുകളിൽ ജോലി ലഭിക്കുന്നതിനായി റിക്രൂട്ടിങ് ഏജൻസികളെ സമീപിക്കുന്നതായും ദുബായിൽ റിക്രൂട്ടിങ് സ്ഥാപനം നടത്തുന്നവർ പറഞ്ഞു.

ജോലി ലഭിച്ചാൽ സമീപ രാജ്യങ്ങളിലേക്ക് പോയി തൊഴിൽ വിസയിൽ തിരിച്ചെത്തുകയാണ് ചെയ്യുന്നത്. ടൂറിസ്റ്റു സ്ഥാപനങ്ങൾ വഴി വീട്ടുജോലിക്കാർക്ക് വിസ ലഭിക്കാൻ സ്വദേശങ്ങളിൽ ഇടനിലക്കാർ സജീവമാണെന്നും റിക്രൂട്ടിങ് ഏജൻസി ഉടമകൾ പറയുന്നു.