ലോകത്തിലെ ഉയരമുള്ള കെട്ടിടങ്ങളില്‍ ഒന്നാകാന്‍ ഒരുങ്ങുന്ന ദുബായ് ക്രീക്ക് ടവറിന്റെ പൈലിങ് ജോലികള്‍ പൂര്‍ത്തിയായി. ബുര്‍ജ് ഖലീഫയേക്കാള്‍ നൂറു മീറ്റര്‍ അധികം ഉയരമുള്ള ദുബായ് ക്രീക്ക് ടവര്‍ 2020ലെ വേള്‍ഡ് എക്സ്പോയ്ക്ക് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ദുബായ് ക്രീക്ക് ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 75 മീറ്റര്‍ താഴ്ചയിലാണ് പുതിയ കെട്ടിടത്തിന്റെ പൈലിങ് നടത്തിയത്. കോണ്ക്ീറ്റ് തൂണുകളേക്കാള് ഉറപ്പു ലഭിക്കുന്ന തരത്തില്‍ ചതുരാകൃതിയിലുള്ള വന്‍ കോണ്‍ക്രീറ്റ് സ്തംഭങ്ങളിലാണ് പുതിയ കെട്ടിടത്തിന് അടിസ്ഥാനമിട്ടിരിക്കുന്നത്. രണ്ടു ലക്ഷത്തിലധികം ടണ്‍ കോണ്‍ക്രീറ്റും, പതിനയ്യായിരം ടണ്‍ ഉരുക്കും ഇതിനായി ഉപയോഗിച്ചു. 1.75 ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണാണ് നിര്‍മാണ സ്ഥലത്ത് നിന്ന് നീക്കം ചെയ്തത്. 550 ഹെക്ടറില്‍ പരന്നു കിടക്കുന്ന ദുബായ് ക്രീക്ക് ഹാര്‍ബര്‍ പദ്ധതിയിലെ മുഖ്യ ആകര്‍ഷണമാണ് 928 മീറ്റര്‍ ഉയരമുള്ള ക്രീക്ക് ടവര്‍. ഇതിനു പുറമേ എട്ടു ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഷോപ്പിങ് മാളും 66,000 ചതുരശ്ര അടിയില്‍ സാംസ്കാരിക കേന്ദ്രവും ഒരുക്കും.
സ്തംഭം പോലെ ഉയരത്തിലേക്ക് പോകുന്ന ടവറിന്റെ മുകളില്‍ നിന്ന് വലയുടെ മാതൃകയില്‍ ഉരുക്കു കന്പികള്‍ താഴേക്ക് ഘടിപ്പിച്ചിരിക്കുന്ന തരത്തിലാണ് രൂപകല്പന. പ്രശ്സസ്ത സ്പാനിഷ് സ്വിസ് ശില്പി സാന്റിയാഗോ കലാവട്രയാണ് ടവറിന്റെ രൂപകല്പന നിര്‍വഹിച്ചിരിക്കുന്നത്. ഹരിത സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന കെട്ടിടത്തിനകത്ത് വന്മരങ്ങളും കൃത്രിമവനവും തയാറാക്കും. ഹോട്ടലുകളും ഷോപ്പിങ് സമുച്ചയങ്ങളും താമസകേന്ദ്രങ്ങളുമെല്ലാം പുതിയ ടവറില്‍ ഉണ്ടാകും. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ നിര്‍മിച്ച എമ്മാര്‍ പ്രോപ്പര്‍ട്ടീസാണ് പുതിയ പദ്ധതിക്ക് പിന്നിലും.