'യോദ്ധ' വൻ ഹിറ്റായിട്ടും കേരളം വിട്ടതെന്ത്? തുറന്നുപറഞ്ഞ് എ.ആർ റഹ്മാൻ

ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിച്ച 'റോജ'യ്ക്ക് ശേഷം എ.ആർ.റഹ്മാൻ ചെയ്ത ആദ്യ സിനിമ മലയാളത്തിലായിരുന്നു. സംഗീത് ശിവൻ്റെ 'യോദ്ധ'. സിനിമയും അതിലെ പാട്ടുകളും സൂപ്പർഹിറ്റായി. റഹ്മാൻ്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. റോജയിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുംമുൻപ് പത്തുവർഷത്തോളം റഹ്മാൻ വിവിധ സംഗീതസംവിധായകർക്കൊപ്പം കീബോർഡും മറ്റ് സംഗീതോപകരണങ്ങളും വായിച്ചിരുന്നു. അതിൽ ഏറെയും മലയാളത്തിൽ. യോദ്ധ തരംഗമായതോടെ റഹ്മാൻ്റെ കൂടുതൽ പാട്ടുകൾക്കായി മലയാളികൾ കാതോർത്തെങ്കിലും വർഷങ്ങളോളം അതുണ്ടായില്ല. അതിൽ നെഗറ്റിവ് ആയ കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് റഹ്മാൻ മനോരമന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഐ ലവ് സന്തോഷ് ശിവൻ'. അദ്ദേഹത്തിൻ്റെ സഹോദരനാണ് യോദ്ധ ഒരുക്കിയത്. ഇന്ത്യയില്‍ നിന്ന് ആഗോളതലത്തില്‍ മുദ്രപതിപ്പിച്ച അസാധാരണ പ്രതിഭകളില്‍ ഒരാളാണ് സന്തോഷ്. യോദ്ധ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 28 വയസ് മാത്രമായിരുന്നു പ്രായം. പക്ഷേ രാജ്യാന്തരസിനിമയുടെ നിലവാരത്തില്‍ ഞാന്‍ ഈ സിനിമ ഷൂട്ട് ചെയ്യാന്‍ പോവുകയാണ് എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അതായിരുന്നു എനിക്ക് കിട്ടിയ ബ്രീഫ്. അത് കേട്ടപ്പോൾ എനിക്കും വലിയ എക്സൈറ്റ്മെൻ്റ് ഉണ്ടായി. 

ആ എക്സൈറ്റ്മെൻ്റ് പിന്നീട് മലയാളത്തില്‍ നിന്ന് ലഭിക്കാതിരുന്നതുകൊണ്ടാണോ പിന്നീട് ഇങ്ങോട്ടുള്ള വരവ് ഉണ്ടാകാതിരുന്നത്?

ഏയ്, അല്ല. ഒരേസമയം ഒരുപാട് പ്രോജക്ടുകള്‍ ഏറ്റെടുക്കേണ്ടിവന്നു. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി മറ്റനേകം ഭാഷകളിലും ഇന്ത്യയ്ക്ക് പുറത്തുമെല്ലാം സിനിമകളും മറ്റ് പ്രോജക്ടുകളും വന്നു. എനിക്ക് എന്നുവേണമെങ്കിലും മലയാളത്തിലേക്ക് തിരിച്ചുവരാമായിരുന്നു. ഇവിടെയാണല്ലോ ഞാന്‍ തുടങ്ങിയത്. എൻ്റെ അച്ഛന്‍ (ആർ.കെ.ശേഖർ) തുടങ്ങിയതും മലയാളത്തിലാണ്. മലയാളസിനിമ ശരിക്കും വീടുപോലെത്തന്നെയാണ്. ചിലപ്പോഴെല്ലാം നമ്മള്‍ നാടുചുറ്റി തിരികെ വീട്ടിലെത്താറില്ലേ, അതുപോലെ. എൻ്റെ കരിയറിലെ ആദ്യത്തെ ആറുവര്‍ഷം ഞാന്‍ മലയാളത്തിലെ സംഗീതസംവിധായകര്‍ക്കുവേണ്ടി ഇന്‍സ്ട്രുമെൻ്റ്സ് വായിച്ചിരുന്നു. എം.കെ.അര്‍ജുനന്‍, എ.ടി.ഉമ്മര്‍, ദക്ഷിണാമൂര്‍ത്തി സ്വാമി തുടങ്ങിയവര്‍ക്കെല്ലാമൊപ്പം പ്രവര്‍ത്തിച്ചു. അതാണ് എൻ്റെ ശരിക്കുള്ള അടിത്തറ. അതുകൊണ്ടുതന്നെ എപ്പോള്‍ വേണമെങ്കിലും എനിക്ക് തിരിച്ചുവരാം എന്ന് ചിന്തിച്ചിരുന്നു. അതാണ് വലിയ ഇടവേളയ്ക്ക് കാരണമായത്.

A R Rahman reveals the reason behind the big gap after 'Yodha'