'മൃഗസംരക്ഷണം വാക്കുകളില്‍ മാത്രം'; ലെതര്‍ ബാഗുമെയത്തിയ ആലിയക്ക് വിമര്‍ശനം

ആഡംബര ബ്രാന്‍ഡായ ഗൂച്ചിയുടെ ബാഗുമായി പൊതുചടങ്ങിനെത്തിയ ബോളിവുഡ് താരം ആലിയ ഭട്ടിനെതിരെ വ്യാപക വിമര്‍ശനം. പോച്ചര്‍ എന്ന വെബ് സീരീസിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ആലിയ ഭട്ട്. അതു തന്നെയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതും. ആനകളെ കൊമ്പിനുവേണ്ടി വേട്ടയാടുന്നതും അതിനെതിരെ വനപാലകര്‍ നടത്തുന്ന പോരാട്ടവുമാണ് പോച്ചര്‍ എന്ന വെബ് സീരീസിന്‍റെ  പ്രമേയം. ചിത്രവുമായി ബന്ധപ്പെട്ട് ഒരു പൊതുചടങ്ങില്‍ ആലിയ മൃഗസംരക്ഷണത്തെ കുറിച്ച് സംസാരിച്ചിരുന്നു. അതേ വ്യക്തി തന്നെ മൃഗത്തോലുകൊണ്ടു തയ്യാറാക്കിയ ബാഗുപയോഗിച്ചതാണ് വിമശര്‍നത്തിന് കാരണമായത്. 

2.3 ലക്ഷം വിലയുളള ലെതര്‍ ബാഗുമായാണ് ആലിയ ചടങ്ങിനെത്തിയത്. പശുക്കുട്ടിയുടെ തുകല്‍ കൊണ്ട് നിര്‍മിച്ചതായിരുന്നു ഈ ബാഗ്. മൃഗസംരക്ഷണത്തെ കുറിച്ച് പ്രസംഗിക്കുകയും മറുഭാഗത്ത് മൃഗത്തോലുകൊണ്ട് നിര്‍മിച്ച ബാഗ് ഉപയോഗിക്കുന്നതും ഇരട്ടത്താപ്പാണെന്നായിരുന്നു വിമര്‍ശനം. 

വെബ് സീരീസിന്‍റെ പ്രമോഷന്‍റെ ഭാഗമായി ആനവേട്ടക്കെതിരെയും മൃഗസംരക്ഷണത്തെക്കുറിച്ചും സംസാരിക്കുന്ന ആലിയ ഭട്ടിന്‍റെ വിഡിയോകള്‍ സോഷ്യലിടത്ത് വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് ഇറ്റാലിയന്‍ ബ്രാന്‍ഡിന്‍റെ ലെതര്‍ ബാഗുമായി ആലിയ ചടങ്ങിനെത്തിയത്. 

മൃഗവേട്ടയെ പ്രോല്‍സാഹിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ശരിയല്ല എന്നായിരുന്നു ആളുകളുടെ വിമര്‍ശനം. ഇതൊരിക്കലും പൊതുസമൂഹത്തിന് ദഹിക്കുകയില്ലെന്നുമുളള കമന്‍റുകള്‍ ആലിയുടെ ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടു. അതേസമയം ആലിയയെ പിന്തുണച്ച് ആരാധകര്‍ രംഗത്തെത്തി. വ്യക്തി ജീവിതത്തെയും പ്രെഫഷനേയും കൂട്ടിക്കലര്‍ത്തരുതെന്നും ആരാധകര്‍ പറയുന്നു. റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ച വെബ് സീരീസ് 'പോച്ചറില്‍' നിമിഷ സജയന്‍, റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

'Poacher' producer Alia Bhatt sparks controversy for carrying 'leather' bag