ആക്ഷന്‍ ഹീറോയായി തമിഴില്‍ അരങ്ങേറ്റം; 'മദ്രാസ്കാരനു'മായി ഷെയ്ന്‍ നിഗം

തമിഴില്‍ നായകനായി അരങ്ങേറ്റം കുറിക്കാന്‍ ഷെയ്ന്‍ നിഗം. മദ്രാസ്കാരന്‍ എന്ന് പേരിട്ടിരിക്കുന്ന വാലി മോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്കുള്ള ഷെയ്ന്‍ നിഗത്തിന്റെ അരങ്ങേറ്റം. കലൈയരസനും നിഹാരിക കൊനിദേലയും ചിത്രത്തില്‍ ഷെയ്നിനൊപ്പം പ്രധാന കഥാപാത്രങ്ങളായെത്തും. 

ആക്ഷന്‍ സിനിമയാണ് മദ്രാസ്കാരന്‍ എന്ന് സംവിധായകന്‍ വാലി മോഹന്‍ പറഞ്ഞു. ചെറിയ ഈഗോ പ്രശ്നം ഒരാളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റമാണ് ചിത്രത്തില്‍ പറയുന്നത്. മധുരയിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്. ചെന്നൈയില്‍ നിന്ന് മധുരയില്‍ എത്തുന്നവരെ സാധാരണ മദ്രാസ്കാരന്‍ എന്നാണ് അവിടുത്തെ നാട്ടുകാര്‍ വിശേഷിപ്പിക്കുക. അതിനാലാണ് സിനിമയ്ക്ക് ആ പേര് നല്‍കിയതെന്ന് സംവിധായകന്‍ പറഞ്ഞു. 

ആര്‍ഡിഎക്സ, ഇഷ്ഖ്, ഭൂതകാലം, കുമ്പളങ്ങി നൈറ്റ്സ് ഉള്‍പ്പെടെയുള്ള ഷെയ്നിന്റെ സിനിമകള്‍ താന്‍ കണ്ടതായി സംവിധായകന്‍ പറയുന്നു. റിയലിസ്റ്റിക് ആക്റ്ററാണ് ഷെയ്ന്‍ എന്ന് വിശേഷിപ്പിച്ച വാലി മോഹന്‍, മദ്രാസ്കാരന്‍ സിനിമയിലേക്ക് ഷെയ്നിനെ മാത്രമാണ് പരിഗണിച്ചിരുന്നത് എന്നും പറഞ്ഞു. ഈ സിനിമയ്ക്കായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഷെയ്നിനെ പിന്തുടരുകയാണെന്നും സംവിധായകന്‍ പറഞ്ഞു. 2019ല്‍ സീനു രാമസ്വാമിയുടെ സിനിമയിലൂടെ ഷെയ്ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ആ പ്രോജക്ട് നടന്നില്ല. 

Shane Nigam debut tamil movie madraskaaran