മാധ്യമ പ്രവർത്തകരുടെ പങ്ക് പ്രധാനം; പൊലീസ് പരിശോധനകള്‍ ഭേദിച്ചത് ആശങ്ക; ഷെയ്ൻ

കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറാ റെജിയെ കണ്ടെത്തിയ സന്തോഷം പങ്കുവച്ച് നടന്‍ ഷെയ്ൻ നിഗം. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. കുട്ടിയെ കണ്ടെത്തിയതില്‍ മാധ്യമങ്ങളുടെ പങ്ക് എടുത്തു പറയുകയാണ് നടന്‍ ഷെയ്ന്‍ നിഗം. കുട്ടിയെ തിരിച്ചറിയാന്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്ക് വലുതാണ്. ഇന്നലെ മുതല്‍ നിരവധി മോശം കമന്‍റുകള്‍ കേട്ടിട്ടും അതൊന്നും വകവയ്ക്കാതെ കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നാണ് താരം കുറിച്ചത്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി. 

രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളത്.

1. കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ല.

2. കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകൽ ഇത്രയും പൊലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ അവർ എത്തിയത് ആശങ്ക ഉളവാക്കുന്നു. 

സന്തോഷ വാർത്തയോടൊപ്പം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടെ. 

Shane Nigam's facebook post goes viral on social media