ദൃശ്യവിസ്​മയമാകാന്‍ പ്രഭാസിന്‍റെ 'കല്‍ക്കി'; റിലീസ് തിയതി പ്രഖ്യാപിച്ചു

തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ് നായകനായെത്തുന്ന 'കൽക്കി 2898 എഡി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ദിഷാ പഠാനി,പശുപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ടുളള അനൗണ്‍സ്മെന്‍റ് വിഡിയോയില്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് പ്രഭാസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലേതിന് സമാനമായ രൂപഭാവത്തില്‍ ഒരു ഏലിയന്‍ ഷിപ്പിനടുത്തു നില്‍ക്കുന്ന പ്രഭാസിനെയാണ് അനൗണ്‍സ്മെന്‍റ് വിഡിയോയില്‍ കാണുന്നത്. തെലുങ്കിലും ഹിന്ദിയിലുമാണ് കൽക്കി 2898 എഡി റിലീസ് ചെയ്യുന്നത്. തമിഴ്, മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മൊഴിമാറ്റ ചിത്രമായും കല്‍ക്കിയെത്തും. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ വരുന്ന ചിത്രത്തിന്‍റെ ബജറ്റ് 600 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. മഹാനടി, ജതി രത്നലു തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച നാഗ് അശ്വിന്‍റെ ബിഗ് ബജറ്റ് ചിത്രമാണ് കൽക്കി 2898 എഡി. ഇന്ത്യന്‍ സിനിമ ലോകത്തെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. 

ചിത്രത്തിന്‍റെ ഗ്ലിംസ് വിഡിയോ നേരത്തെ സിനിമയുടെ അണിയറപ്രവര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് വിഡിയോ ലഭിച്ചത്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് കല്‍ക്കിയിലെ പാട്ടുകള്‍ അണിയിച്ചൊരുക്കുന്നത്. 2020 നവംബറിലായിരുന്നു 'കല്‍ക്കി'യുടെ ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് അടക്കമുളള പലകാരണങ്ങള്‍ കൊണ്ടും ചിത്രീകരണം നീണ്ടുപോകുകയായിരുന്നു. സിനിമയുടെ തൊണ്ണൂറു ശതമാനം ചിത്രീകരണവും ഹൈദരാബാദ് റാമോജി ഫിലിം സിറ്റി കേന്ദ്രീകരിച്ചായിരുന്നു. ചിത്രത്തിന്‍റെ റിലീസ് തിയതി അറിയിച്ചുകൊണ്ടുളള അമിതാഭ് ബച്ചനും പ്രഭാസും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കുവച്ചു. ഇന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം കല്‍ക്കി മേയ് ഒൻപതിന് പ്രദര്‍ശനത്തിനെത്തും.

Kalki 2898 AD release date out now