വേഷം ഏതും ആകട്ടെ ; ‘ബിജു മേനോന് ’ കയ്യടി ഉറപ്പ്

മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുന്ന സിനിമായാത്രയില്‍  ബിജു മേനോന്‍ തന്നിലെ നടനെ ദിനംപ്രതി രാകി മിനുക്കുകയാണ്. സഹവേഷങ്ങളില്‍ മിന്നുന്ന ബിജുവിന് വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം പ്രേക്ഷകര്‍ കൊടുക്കുന്നത് നൂറില്‍ നൂറു മാര്‍ക്ക്. മിനിമം ഗാരന്റിയുള്ള നടനെന്ന പേര് എന്നും ബിജിവിനുണ്ട്. സിനിമാ തിരഞ്ഞെടുപ്പില്‍ അങ്ങനൊരു സൂക്ഷ്മത എന്നും കാത്തുപോന്ന താരം. കരിയറില്‍ ഇടവേളകളുണ്ടെങ്കിലും വലിയ വീഴ്ചകള്‍ അവിടെയെങ്ങും വല്ലാതെയില്ല. താരം എന്ന നിലയിലും എപ്പോഴും ബിജു മേനോന് കച്ചവടക്കണക്കുകളിലും ഇടം കിട്ടുന്നതും അതുകൊണ്ടുതന്നെ. ഉപനായകവേഷങ്ങളില്‍ തിളങ്ങിനില്‍ക്കുമ്പോഴും നായകനായി വിജയങ്ങള്‍ സൃഷ്ടിക്കാന്‍ എപ്പോഴും ബിജു മേനോന് കഴിഞ്ഞു. ഡ്രൈവര്‍ സുകുവായും സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പന്‍ നായരായും മാമച്ചനായും ബിജു കാഴ്ചവച്ചത് വൈവിധ്യപൂര്‍ണമായ ഭാവങ്ങള്‍. ആർക്കറിയാ'മിലെ ഇട്ട്യവര ബിജുവിന്റെ കരിയറിലേക്ക് വലിയ വലിയ അംഗീകാരങ്ങളെ കൊണ്ടുവന്നു. ഗരുഡനില്‍ കണ്ടവരെയെല്ലാം വിറപ്പിച്ച സൈക്കോ കഥാപാത്രം ബിജുവിന്റെ മികവിന്റെ സമീപകാല ഉദാഹരണം.