‘ജവാൻ’ വിജയാഘോഷത്തിൽ പങ്കെടുക്കാതെ നയൻതാര; കാരണം വെളിപ്പെടുത്തി ഷാരൂഖ് ഖാൻ

nayans
SHARE

ഹിന്ദി ചിത്രം 'ജവാൻ' സെപ്റ്റംബർ 7 ന് തിയേറ്ററുകളിലെത്തിയത്. ഷാരൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ആദ്യ ആഴ്ചയിൽ 600 കോടി രൂപയാണ് ബോക്‌സ് ഓഫീസിൽ നേടിയത്. മുംബെയിൽ നടന്ന ചിത്രത്തിന്റെ വിജയാഘോഷച്ചടങ്ങിൽ  സംവിധായകൻ ആറ്റ്‌ലിയും സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും 'ജവാൻ' സിനിമയുടെ അണിയറപ്രവർത്തകരുമെല്ലാം പങ്കെടുത്തിരുന്നു. എന്നാൽ നയൻതാര മാത്രം ചടങ്ങിൽ എത്തിയിരുന്നില്ല. ഇതെത്തുടർന്നാണ് നയൻസിന് ആഘോഷത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ കാരണം ഷാരൂഖ്ഖാൻ തന്നെ വെളിപ്പെടുത്തിയത്. അമ്മയുടെ ജന്മദിനം ആയതിനാൽ താരം കേരളത്തിൽ ആയതുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാനാകാതിരുന്നത് എന്ന് വ്യക്തമാക്കിയ ഷാറൂഖ് നയൻതാരയുടെ അമ്മയ്ക്കായി ബർത്ഡേ ഗാനം പാടുകയും ചെയ്തു.

പരിപാടിയിൽ പങ്കെടുക്കാന‍ സാധിച്ചില്ലെങ്കിലും വിഡിയോ സന്ദേശത്തിലൂടെ ചടങ്ങിൽ നയൻസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ‘ഞാൻ അവിടെ ഉണ്ടായിരിക്കണമെന്ന് ശരിക്കും ആഗ്രഹിച്ചിരുന്നു. എന്നാൽ ഇന്ന് എന്റെ കുടുംബത്തിൽ പ്രത്യേകതയുള്ള ദിവസമാണ്. അതുകൊണ്ട് ഈ ദിവസം അവർക്കൊപ്പം സമയം ചിലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’ എന്ന് നയൻതാര വിഡിയോ സന്ദേശത്തിൽ പറഞ്ഞു. 'ജവാൻ'ന്റെ ഷൂട്ടിംഗ് രസകരമായിരുന്നുവെന്നും  ഷാരൂഖ് ഖാനൊപ്പം പ്രവർത്തിച്ചതിൽ നന്ദിയുണ്ടെന്നും നയൻതാര കൂട്ടിച്ചേർത്തു. 

സിനിമയുടെ ട്രെയിലർ ലോഞ്ച് പരിപാടിയിലും നയൻതാര പങ്കെടുത്തിരുന്നില്ല. അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി ആ സമയത്ത് കൊച്ചിയിലായിരുന്നു നയൻതാരയും വിഘ്നേശും.

MORE IN ENTERTAINMENT
SHOW MORE