പുഷ്പാ 2 ദി റൂളിന്റെ റിലീസ് തീയതി പുറത്ത്; പുഷ്പയും ഭൻവർ സിംഗ് ഷെഖാവത്തും വീണ്ടും നേര്‍ക്കുനേര്‍

pushapa 2 (1)
SHARE

ഇന്ത്യ മുഴുവന്‍ തരംഗമായ ചിത്രമാണ് പുഷ്പ ദി റൈസ്. പുഷ്പ റിലീസ് ആയ അന്നുമുതല്‍ സിനിമയുടെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംഷയ്ക്ക് വിരാമമിട്ടുകൊണ്ട് പുഷ്പാ 2 ദി റൂളിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ടൈറ്റിൽ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന അല്ലു അര്‍ജുനും ചിത്രത്തിന്‍റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. 2024 ഓഗസ്റ്റ് 15-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ തന്നെയാണ് പുഷ്പയുടെ രണ്ടാം ഭാ​ഗവും സംവിധാനം ചെയ്യുന്നത്. അല്ലു അർജുന്‍റെ ടൈറ്റിൽ കഥാപാത്രവും ഫഹദ് ഫാസിലിന്‍റെ ഇൻസ്‌പെക്ടർ ഭൻവർ സിംഗ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ് രണ്ടാം ഭാ​ഗത്തിന്‍റെ പ്രമേയം. രശ്മിക മന്ദാനയാണു നായിക. 

പുഷ്പ 2 വിന്‍റെ പോസ്റ്ററും ആരാധകരില്‍ കൗതുകമുണര്‍ത്തുന്നതാണ്. പോസ്റ്ററില്‍ അദ്ദേഹത്തിന്‍റെ മുഖം വ്യക്തമല്ല. പകരം കഥാപാത്രത്തിന്‍റെ ഇടതുകൈയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു വിരലില്‍ മാത്രം നഖം നീട്ടിവളര്‍ത്തിയിരിക്കുന്നു. വിരലുകളില്‍ വലിയ മോതിരങ്ങളും കൈത്തണ്ടയില്‍ സ്വര്‍ണ്ണ ചെയിനുകളുമൊക്കെ ധരിച്ചുള്ളതാണ് പോസ്റ്ററിലെ ചിത്രം. ആദ്യഭാഗത്തിലേതുപോലെ ഫഹദ് തന്നെയാണ് ചിത്രത്തിലെ പ്രതിനായകന്‍. ഫഹദ് അവതരിപ്പിക്കുന്ന ഭന്‍വര്‍ സിംഗ് ഷെഖാവത്തിന് ആദ്യഭാഗത്തേക്കാള്‍ സ്ക്രീന്‍ ടൈം കൂടുതല്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 

പുഷ്പ എന്ന കഥാപാത്രമായി നിറഞ്ഞാടിയ അല്ലു അർജുന് ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്ന ചിത്രമാണ് പുഷ്പ 2. ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് ഇന്‍സ്റ്റാഗ്രാമില്‍ ഏഴ് മില്യണ്‍ ലൈക്കുകള്‍ ലഭിച്ച ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണിത്. 

Pushpa 2 release date out now

MORE IN ENTERTAINMENT
SHOW MORE