അല്ലു അര്‍ജുന്‍ ചിത്രം പുഷ്പക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടന്‍ ഫഹദ് ഫാസില്‍. ഒരു സിനിമയുടെ കാര്യത്തില്‍ താന്‍ പരാജയപ്പെട്ടുവെന്ന് പുഷ്പയുടെ പേരെടുത്ത് പറയാതെ ഫഹദ് വിമര്‍ശിച്ചു. ചിത്രത്തെ പറ്റി സംസാരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.
'കഥാപാത്രത്തിന്‍റെ ധാര്‍മിക വശം എനിക്ക് പ്രധാനപ്പെട്ടതാണ്. ഇവര്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്ന് പരിശോധിക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷം വന്ന ഒരു സിനിമയുടെ കാര്യത്തില്‍ ഞാന്‍ പരാജയപ്പെട്ടു. എനിക്ക് ആ സിനിമയെ പറ്റി സംസാരിക്കണമെന്നില്ല. കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിലല്ലെങ്കില്‍ പിന്നെ അത് വിട്ടേക്കണം. കിട്ടിയ പാഠം ഉള്‍ക്കൊണ്ട് അങ്ങ് പൊക്കോണം,' ഫഹദ് പറഞ്ഞു.
പുഷ്പ ആദ്യഭാഗത്തിലെ ഫഹദിന്‍റെ ബന്‍വര്‍ സിങ് ഷെഖാവത്തിന് വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചത്. തെലുങ്ക് സിനിമകളിലെ പതിവ് വില്ലന്‍ സങ്കല്‍പങ്ങള്‍ക്ക് വിപരീതമായി നായകന് വെല്ലുവിളി ഉയര്‍ത്തിയ വില്ലനായിരുന്നു ഷെഖാവത്ത്. എന്നാല്‍ രണ്ടാം ഭാഗം പാന്‍ ഇന്ത്യനാക്കിയപ്പോള്‍ ഫഹദിന്‍റെ കഥാപാത്രത്തെ കോമാളിയാക്കിയെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.