ആറ്റ്ലിക്കൊപ്പം അല്ലു അര്‍ജുന്‍ ഒരു സൂപ്പര്‍ഹീറോ സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. AA22 എന്ന സിനിമയുടെ വരവറിയിച്ച് 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വിഡിയോ വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ടിരുന്നു. എന്നാല്‍ AA22വിനേക്കാള്‍ ആവേശം ആരാധകര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് നല്‍കുന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മലയാളികളുടെ സ്വന്തം ബേസില്‍ ജോസഫിനൊപ്പം അല്ലു ഒരു സൂപ്പര്‍ഹീറോ സിനിമയ്ക്ക് പദ്ധതിയിടുന്നെന്നാണ് റിപ്പോര്‍ട്ട്.
അല്ലുവിനെ തന്‍റെ കഥ ബേസില്‍ വായിച്ചുകേള്‍പ്പിച്ചെന്നും അല്ലുവിന് കഥ വളരെ ഇഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ട്. ഗീത ആര്‍ട്സിന്‍റെ ബാനറില്‍ അല്ലു അര്‍ജുന്‍റെ സഹോദരന്‍ അല്ലു അരവിന്ദായിരിക്കും സിനിമ നിര്‍മിക്കുക. ജേക്സ് ബിജോയ് ആയിരിക്കും സിനിമയുടെ മ്യൂസിക് ചെയ്യുക.
സൂപ്പര്‍ഹീറോ സിനിമ എന്നതില്‍ വ്യക്തത വരാനിരിക്കുന്നെങ്കിലും ഏറെ നാളായി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുമെന്ന് പറയുന്ന ശക്തിമാന്‍ റീബൂട്ടായിരിക്കും സിനിമ എന്നും ഊഹാപോഹങ്ങളുണ്ട്. ബോളിവുഡ് താരം രണ്‍ബീര്‍ സിങ്ങുമായി താരം ബേസില്‍ ചര്‍ച്ച ചെയ്ത സിനിമയാണ് ശക്തിമാന്‍.
പുഷ്പ 2വിന് ശേഷം സംവിധായകന്‍മാരായ ത്രിവിക്രം ശ്രീനിവാസിനും റെഡ്ഡി വാങ്കയ്ക്കുമൊപ്പം അല്ലുവിന്‍റെ സിനിമകളെക്കുറിച്ച് വാര്‍ത്തകളുയര്‍ന്നിരുന്നു. എന്നാല്‍ ഹിന്ദു ദൈവമായ കാര്‍ത്തികേയനെക്കുറിച്ചുള്ള സിനിമ ത്രിവിക്രം ജൂനിയര്‍ എന്‍ടിആറിന് കൈമാറിയെന്നാണ് വിവരം. വാങ്കയാകട്ടെ പ്രഭാസുമായി സ്പിരിറ്റ്, രണ്‍ബീര്‍ കപൂറിന്‍റെ അനിമല്‍ സിനിമയുടെ രണ്ടാം ഭാഗമായ അനിമല്‍ പാര്‍ക്ക് എന്നിവയുടെ തിരക്കിലാണ്.