മോഹന്‍ലാലിനോട് ശത്രുതയില്ല; ഒരുമിച്ചുള്ള സിനിമ ഉടനുണ്ടാകും: ശ്രീനിവാസന്‍

MohanLal-Sreenivasan
SHARE

താനും മോഹന്‍ലാലും തമ്മില്‍ യാതൊരുവിധ വെറുപ്പോ ശത്രുതയോ ഇല്ലെന്നും ലാലിനെ വളരെ ഇഷ്ടമാണെന്നും തുറന്നുപറഞ്ഞ് ശ്രീനിവാസന്‍.  ലാലിനെ വെറുക്കാനുള്ള എന്തെങ്കിലും കാരണം ഇതുവരെയുണ്ടായിട്ടില്ല. താനും ലാലും ഒന്നിക്കുന്ന സിനിമ ഉടനുണ്ടാകുമെന്നും ശ്രീനിവാസൻ പറയുന്നു. മോഹൻലാലിന്റെ കൂടെ സിനിമകൾ ചെയ്യുമ്പോൾ സ്ക്രിപ്റ്റ് വായിച്ചിട്ട് അദ്ദേഹം അഭിപ്രായം പറയാറുണ്ട്. അത് സിനിമയ്ക്ക് ഉപകാരപ്പെടാറുണ്ടെന്നും അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഞങ്ങള്‍ തമ്മില്‍ ശത്രുതയൊന്നുമില്ല. ശത്രുതയുണ്ടെന്ന് പറയുന്നവര്‍ക്ക് അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടായിരിക്കും.  മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഇനിയൊരു സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന്, തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രിയനും (പ്രിയദര്‍ശന്‍) സത്യനുമൊക്കെ (സത്യന്‍ അന്തിക്കാട്) അങ്ങനെയൊരു ആഗ്രഹമുണ്ട്. പക്ഷേ സത്യന് അങ്ങനെയൊരു പ്ലാൻ ഇല്ല , പ്രിയന് പ്ലാൻ ഉണ്ട്. വിനീതിനും (വിനീത് ശ്രീനിവാസൻ) ‍ഞങ്ങള്‍ ഒരുമിച്ചുള്ള സിനിമ വളരെ ആഗ്രഹമുണ്ട്, ചിലപ്പോൾ അതായിരിക്കും ആദ്യം നടക്കുന്നത്– ശ്രീനിവാസന്‍ പറഞ്ഞു.

ഞങ്ങളുടെ കൂട്ടായ്മയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം വരുന്ന സിനിമ ഒരു വലിയ വിജയമായി മാറട്ടെ,ആ വിജയമായിരിക്കട്ട മോഹന്‍ലാലിനുളള പിറന്നാള്‍ സമ്മാനം– ശ്രീനിവാസന്‍ പറഞ്ഞു.

മോഹന്‍ലാലുമായി അത്ര നല്ല ബന്ധമല്ല തനിക്കുള്ളത് എന്നായിരുന്നു അടുത്തിടെ മോഹന്‍ലാലിനെക്കുറിച്ച് ഒരഭിമുഖത്തില്‍ ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നത്. മോഹൻലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ കാപട്യങ്ങളെക്കുറിച്ച് മരിക്കുന്നതിന് മുമ്പ് തുറന്നെഴുതുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ഡോ. സരോജ്‌കുമാർ' എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലുമായുള്ള ബന്ധം എങ്ങനെ ആയിരുന്നു എന്ന ചോദ്യത്തിനായിരുന്നു ശ്രീനിവാസന്റെ മറുപടി. ഇത്തരമൊരു പ്രതികരണം വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

No enmity with Mohanlal; we are in good terms; There will be a film together soon: Srinivasan

MORE IN ENTERTAINMENT
SHOW MORE