കറുപ്പണിഞ്ഞ് ഇരുമുടിക്കെട്ടേന്തി ഉണ്ണി; 'മാളികപ്പുറം' ഫസ്റ്റ് ലുക്ക്; പിറന്നാൾ സമ്മാനം

മലയാളികളുടെ പ്രിയതാരം ഉണ്ണിമുകുന്ദന്റെ പിറന്നാളാണ് ഇന്ന്. ഈ ദിവസം തന്നെ താരത്തിന്റെ പുതിയ ചിത്രം മാളികപ്പുറത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. കറുപ്പണിഞ്ഞ് ഇരുമുടിക്കെട്ടുമേന്തി കുട്ടികളുടെ കൈപിടിച്ച് നിൽക്കുന്ന ഉണ്ണിയുടെ കഥാപാത്രമാണ് പോസ്റ്ററിൽ. 

കല്യാണി എന്ന പെൺകുട്ടിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നിർമാതാവ് ആന്റോ ജോസഫ് അടക്കം ചിത്രത്തിന്റെ പോസ്റ്റർ പങ്കിട്ട് നിരവധിപ്പേരാണ് ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസ അറിയിച്ചത്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് പ്രിയ വേണുവും നീത പിന്റോയും ചേർന്നാണ്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ആന്റോ ജോസഫിന്റെ ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്ന് ബിഗ് ബജറ്റ് ചിത്രമായാണ് ഒരുക്കുന്നത്.