ബുള്ളറ്റും കെടിഎമ്മും; സഹപ്രവർത്തകർക്ക് ഉണ്ണി മുകുന്ദന്റെ സർപ്രൈസ് ഗിഫ്റ്റ്; കയ്യടി

സിനിമ വിജയിച്ചാൽ അതിന്റെ ലാഭം നിർമാതാവിനാണ്. ആ വിജയത്തിൽ തന്റെ കൂടെ നിന്നവരെ ചേർത്തു പിടിക്കാൻ ചില നിർമാതാക്കളെങ്കിലും തയ്യാറാകും. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിച്ച ചിത്രം മേപ്പടിയാന്റെ 100–ാം ദിനം ആഘോഷമാക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ബൈക്കുകൾ സമ്മാനിച്ചിരിക്കുകയാണ് താരം. 

100–ാം ദിനം ആഘോഷിക്കുന്ന ചടങ്ങിൽ വച്ചാണ് സഹപ്രവർത്തകർക്ക് അപ്രതീക്ഷിതമായി വാഹനങ്ങളുടെ താക്കോൽ കൈമാറിയത്. മേക്കപ്പ് മാൻ അരുൺ ആയൂരിന് റോയൽ എൻഫീൽഡ് ബുള്ളറ്റും ഉണ്ണി മുകുന്ദന്റെ പിഎ രഞ്ജിത്ത് എംവിക്ക് കെടിഎം ആർസി ബൈക്കുമാണ് സമ്മാനിച്ചത്.

അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നാണ് ഇരുവരും പറയുന്നത്. സിനിമയുടെ വിജയം ആഘോഷിക്കുന്ന സമയത്ത് തന്നെ ഉണ്ണിമുകുന്ദൻ തങ്ങളേയും ഓർത്തതിൽ വളരെ സന്തോഷമുണ്ടെന്നാണ് ഇവർ പറഞ്ഞത്. അരുൺ ആയൂരിന് റോയൽ എൻഫീൽഡിന്റെ ക്ലാസിക് 350ഉം രഞ്ജിത്തിന് കെടിഎം ആർസി 200 മാണ് നൽകിയത്.

ഏകദേശം 1.87 ലക്ഷം രൂപയാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ എക്സ്ഷോറൂം വില. 20.2 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കുമുള്ള 349 സിസി എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 200 സിസി എൻജിൻ കരുത്തേകുന്ന ആർസി 200ന് 19 കിലോവാട്ട് കരുത്തും 19.5 എൻഎം ടോർക്കുമുണ്ട്. ഏകദേശം 2.09 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂ വില.

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമാണ് ‘മേപ്പടിയാൻ’. ഉണ്ണി മുകുന്ദൻ എന്റർടെയ്ൻെമന്റ്സ് നിർമിച്ച ചിത്രം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. ആമസോൺ പ്രൈം ഒടിടിയിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതു കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി മേപ്പടിയാന്റെ ഡബ്ബിങ് - റീമേക്ക് റൈറ്റ്‌സുകളും വിറ്റുപോയിട്ടുണ്ട്.