മേപ്പടിയാൻ കാണാം; മുഖ്യമന്ത്രിയുടെ ഉറപ്പ്; എന്താവശ്യത്തിനും ഒപ്പമെന്ന് ഉണ്ണി മുകുന്ദൻ

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് യുവ നടൻ ഉണ്ണി മുകുന്ദൻ. ദുബായിൽ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. ഉണ്ണി മുകുന്ദൻ തന്റെ സാമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് സന്തോഷം പങ്കുവച്ചിരിക്കുന്നത്.. ഇരുവരും ഒമ്മിച്ച്  നിൽക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. മാത്രമല്ല സൗകര്യം പോലെ തന്റെ ഏറ്റവും പുതിയ ചിത്രമായ മേപ്പടിയാൻ കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ഉണ്ണി മുകുന്ദൻ പറയുന്നു.

മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കാനായതിലെ സന്തോഷവും ഉണ്ണി പങ്കുവെച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിലൊന്നാണിതെന്ന് ഉണ്ണി കുറിച്ചു. ഇങ്ങനെയൊരു കൂടിക്കാഴ്ച ഏർപ്പെടുത്തിയതിന് ജോൺ ബ്രിട്ടാസ് എം.പിക്ക് പോസ്റ്റിൽ നന്ദി പറയുന്നുമുണ്ട്. സംസ്ഥാനത്തിന്റെ ഏത് ആവശ്യത്തിനും താൻ ഒപ്പമുണ്ടാകുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. 

മുഖ്യമന്ത്രിക്ക് നല്ല ആരോ​ഗ്യമുണ്ടാകട്ടെയെന്നും ഊർജസ്വലതയോടെ പ്രവർത്തിക്കാനാകട്ടെയെന്നും താരം ആശംസിച്ചു. ദുബായിലെ എക്സ്പോ 2020-ൽ ഉണ്ണി മുകുന്ദൻ നിർമിച്ച് നായകനായ മേപ്പടിയാൻ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യൻ പവലിയനിലെ ഫോറം ലെവൽ 3-ൽ ഈ മാസം ആറിന് വൈകിട്ടാണ് പ്രദർശനം. ഇതാദ്യമായാണ് ഒരു മലയാള ചലച്ചിത്രം ദുബായ് എക്സ്പോ 2020-ൽ പ്രദർശിപ്പിക്കുന്നത്