1200 കോടിയുടെ തട്ടിപ്പ്: ഉണ്ണി മുകുന്ദന്‍റെ ഓഫിസിൽ ഇഡി റെയ്ഡ്

ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന്‍ വാഗ്ദാനം ചെയ്ത് 1,200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നിഷാദില്‍ നിന്ന് നടന്‍ ഉണ്ണിമുകുന്ദന്‍റെ കമ്പനി പണം വാങ്ങിയെന്ന് എന്‍ഫോഴ്സ്മെന്‍റ്. മേപ്പടിയാന്‍ എന്ന സിനിമയുെട നിര്‍മാണത്തിന് വേണ്ടി ഉണ്ണിമുകുന്ദന്‍ സിനിമാസ് പ്രൈവറ്റ് ലിമിറ്റ‍ഡ്  പണം ലോണെടുക്കുകയായിരുന്നുവെന്നാണ് വിവരം. തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകത്തിലുമടക്കം 11 ഇടങ്ങളിലാണ്  ഇഡി റെയ്ഡ് നടത്തിയത്.

ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന്‍  നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബംഗളൂരുവിലെ ലോങ് റീച്ച് ടെക്നോളജീസ് എന്ന  വെബ്സൈറ്റ് വഴി 1200 കോടി രൂപ തട്ടിയെടുത്തുവെന്നാണ് എന്‍ഫോഴ്സമെന്‍റിന്‍റെ കണ്ടെത്തല്‍. രണ്ടുമുതല്‍ 8 ശതമാനം വരെ ലാഭവിഹിതം ക്രിപ്റ്റോ കറന്‍സിയില്‍ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വന്‍തോതില്‍ നിക്ഷേപം വന്നതോെട പണവുമായി തട്ടിപ്പ് സംഘം മുങ്ങി. ഇവരില്‍ നിന്ന് പണം വാങ്ങിയ ഉണ്ണി മുകുന്ദന്‍ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ്, അന്‍സാരി നെക്സ്റ്റെല്‍, ട്രാവന്‍കൂര്‍ ബില്‍ഡേഴ്സ്, എലൈറ്റ് എഫ് എക്സ് എന്നീ കമ്പനികളില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തി.

മോറിസ് ട്രെഡിങ് കമ്പനിയില്‍ പങ്കാളിയായ മുഹമ്മദ് അസീസിന്‍റെ മലപ്പുറത്തെ വീട്ടിലും സ്റ്റോക്സ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് ഉടമയായ അഫ്ദുള‍് ഗഫൂറിന്‍റെ വീട്ടിലും പരിശോധന നടന്നു. ഇതിന് പുറമേ തമിഴ്നാട്ടിലും കര്‍ണാടകയിലുമുള്ള സ്ഥാപനങ്ങളിലും റെയ്ഡ‍ുണ്ടായി.  ഇവിടെ നിന്ന് കോടികളുടെ ഭൂമി ഇടപാട് രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. അതേസമയം കേസിലെ മുഖ്യപ്രതിയായ നിഷാദ് ജാമ്യമെടുത്ത ശേഷം സൗദിയിലേക്ക് കടന്നതായാണ് വിവരം. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും നൗഷാദിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നു എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചു