സ്വന്തം സിനിമയുടെ ജാതകം നന്നാക്കാന്‍ പുതിയ വഴി കണ്ടെത്തി ‘കുറി’

ഒടിടിയുടെ വരവില്‍ ആളൊഴിഞ്ഞ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെെയത്തിക്കാന്‍ ലക്ഷ്യമിട്ട് പകുതി ടിക്കറ്റ് നിരക്കില്‍ ഒരു സിനിമ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു. കെ.ആര്‍.പ്രവീണ്‍ സംവിധാനം ചെയ്യുന്ന കുറിയില്‍ സുരഭി ലക്ഷ്മിയും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ആദ്യ ആഴ്ചയില്‍ തിയറ്ററിലെത്തുന്ന പ്രേക്ഷകര്‍ക്കാണ് പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കുക.

മൂന്നോ അതിലേറെയോ ആളുകളുമായി തിയറ്ററിലെത്തുന്നവര്‍ക്കാണ് പകുതി നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുക. മള്‍ട്ടിപ്ളക്സില്‍ ഇളവ് ബാധകമല്ല. ഒാണ്‍ലൈന്‍ ബുക്കിങ്ങിനും ഇളവ് ലഭിക്കില്ല. കോവിഡ് കാലം മാറ്റിമറിച്ച സിനിമാസ്വാദന രീതിയില്‍ സ്വന്തം സിനിമയുടെ ജാതകം നന്നായി വരാന്‍ എല്ലാ വഴികളും തേടുകയാണ് സിനിമ പ്രവര്‍ത്തകര്‍. ഒടിടി എല്ലാ തരത്തിലും വെല്ലുവിളിയാണെങ്കിലും പ്രേക്ഷകര്‍ തിയറ്ററിലെത്തുമെന്ന പ്രതീക്ഷയിലാണ് കുറിയിലെ നായിക സുരഭി ലക്ഷ്മി.

സുരഭി ലക്ഷമിക്ക് പുറമെ അതിഥി രവി, വിഷ്ണു ഗോവിന്ദന്‍ തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. സിയാദ് കോക്കറാണ് ചിത്രത്തിന്റെ നിര്‍മാതാവ്. സംവിധായകന്‍ കെ.ആര്‍.പ്രവീണ്‍തന്നെയാണ് ചിത്രത്തിന് തിരക്കഥയാരുക്കുന്നതും.