ബൈബിളിലെ ‘അന്ത്യത്താഴ’ അനുഭവം; ‘പന്ത്രണ്ട്’ തിയറ്ററുകളില്‍ തുടരുന്നു

തനതായ കഥപറച്ചിലിലൂടെ ലിയോ തദേവൂസ് ചിത്രം 'പന്ത്രണ്ട്' തിയറ്ററുകളുകളില്‍ ഒരാഴ്ച പിന്നിടുന്നു. വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹൻ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചില കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയിലേക്ക് നിഗൂഢത നിറഞ്ഞ ഒരു മനുഷ്യന്‍ കടന്നുവരുന്നതും വളരെ നിഗൂഢമായി അവരുടെ ജീവിതം മാറ്റിമറിയ്ക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഛായാഗ്രഹണത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചും ആക്ഷൻ സീക്വൻസുകളെക്കുറിച്ചും പറയുന്നതിനൊപ്പം, സിനിമയില്‍ ബൈബിളിലെ ആശയത്തെ ഉള്‍പ്പെടുത്തിയിരിക്കുന്ന രീതിയും എടുത്തു പറയേണ്ടതാണ്. 

പുതിയ തലമുറയുടെ താല്‍പര്യത്തിനനുസരിച്ച് ബൈബിളിലെ കഥയെ ജീവസുറ്റതാക്കുന്നു സിനിമ. ക്രിസ്ത്യാനികള്‍ ആദ്യത്തെ വിശുദ്ധ കുര്‍ബാനയായി കാണുന്ന അന്ത്യത്താഴത്തെ സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വരാനിരിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കി യേശുക്രിസ്തു തന്‍റെ 12 ശിഷ്യന്‍മാര്‍ക്കൊപ്പം അവസാനമായി വിരുന്ന് കഴിക്കുന്നതിന് സമാനമായി ചിത്രത്തിലെ സാഹചര്യങ്ങളെയും അവതരിപ്പിച്ചു. ഇമ്മാനുവേല്‍ എന്ന കഥാപാത്രമായാണ് ദേവ് മോഹനെത്തുന്നത്. ഒരു കൂട്ടം ആളുകള്‍ക്കിടയിലേക്ക് നിഗൂഢത നിറച്ച് യേശുവിനെ പോലെ ദേവ് മോഹൻ കടന്നുവരുന്നതും 12 കഥാപാത്രങ്ങളെ ശിഷ്യന്മാരായും വളരെ മനോഹരമായി ചിത്രത്തില്‍ അവതരിപ്പിച്ചു. ഇമ്മാനുവേല്‍ പറഞ്ഞതനുസരിച്ച് 12 പേരും ഒന്നിച്ച്  വിരുന്നൊരുക്കുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളും പ്രേക്ഷകര്‍ക്ക് ബൈബിളിലെ അന്ത്യത്താഴം പോലെ തന്നെ കണക്ട് ചെയ്യാനാകും. കഥയ്ക്ക് ചേരും വിധം ചിത്രത്തിലുടനീളം ബൈബിളിലെ തന്നെ പല റഫറന്‍സുകളും കാണാനാകും.