അവർ മമ്മൂട്ടിയെ അവഗണിച്ചു; അജയ് ദേവ്ഗണിനെ പരിഗണിച്ചു; പിന്നീട്

മമ്മൂട്ടിക്ക് മൂന്നാംതവണ ദേശീയ പുരസ്കാരം ലഭിച്ചതിന് നിമിത്തമായത് തന്റെ ഇടപെടലെന്ന് ബാലചന്ദ്രമേനോന്‍. 1999ലെ ദേശീയ ചലച്ചിത്രപുരസ്കാര ജൂറിയു‌ടെ ആദ്യതീരുമാനം മമ്മൂട്ടിക്കെതിരായിരുന്നുവെന്ന് ജൂറി അംഗമായിരുന്ന ബാലചന്ദ്രമേനോന്‍ വിഡിയോ ബ്ലോഗില്‍ വെളിപ്പെടുത്തി. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ഡോ.ബാബാസാഹേബ് അംബേദ്കറിലെ മമ്മൂട്ടിയുടെ അസാമാന്യപ്രകടനം ജൂറി അംഗങ്ങള്‍ കണ്ടില്ലെന്ന് നടിച്ചപ്പോള്‍ അദ്ദേഹത്തിനുവേണ്ടി വാദിച്ചത് താനാണെന്ന് മേനോന്‍ പറയുന്നു.

‘അന്ന് സിനിമകള്‍ കണ്ട ഭൂരിപക്ഷം ജൂറി അംഗങ്ങളും സഖം എന്ന ഹിന്ദി ചിത്രത്തിലെ അജയ് ദേവ്ഗന്റെ പ്രകടനമാണ് മികച്ചത് എന്ന നിലപാടിലായിരുന്ന. മമ്മൂ‌‌ട്ടി മികവും തികവും പുലര്‍ത്തിയ 'അംബേദ്കര്‍' ഉള്ളപ്പോഴായിരുന്നു ഈ തീരുമാനം. കഥാപാത്രത്തോട് അഭിനേതാവ് അത്രയേറെ നീതിപുലര്‍ത്തിയിട്ടും അത് അവഗണിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. മമ്മൂട്ടിയുടേത് മികച്ച പ്രകടനമല്ലെന്നും ചിത്രം ഒരു ഡോക്യുമെന്ററി പോലെയാണെന്നും ചില ജൂറി അംഗങ്ങൾ വാദിച്ചു. എന്നാൽ രൂപത്തിൽ, ശബ്ദത്തിൽ, ശരീരഭാഷയിൽ എല്ലാം അംബേദ്കറായി മാറാന്‍ മമ്മൂട്ടി എന്ന നടൻ കാഴ്ചവച്ച സമർപ്പണത്തെ എങ്ങനെ അവഗണിക്കാൻ കഴിയും എന്ന് ഞാൻ തിരിച്ചുചോദിച്ചു.  അതിന് അവർക്ക് മറുപടിയുണ്ടായില്ല. എങ്കില്‍ രണ്ടുപേർക്കും പുരസ്കാരം നല്‍കാം എന്നായി. ഈ നിലപാട് അംഗീകരിക്കാന്‍ ജൂറി ചെയർമാൻ ഡി.വി.എസ്. രാജു തയാറായില്ല. മികച്ച നടനുള്ള പുരസ്കാരം ഒരാൾക്കുമാത്രം മതി എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മമ്മൂട്ടിക്ക് പ്രത്യേക പരാമർശം നൽകാമെന്നായി. എന്നാൽ മികച്ച നടനുള്ള അവാർഡ് രണ്ട് പേർക്ക് നൽകിയ ചരിത്രമുണ്ടെന്നും എനിക്ക് അങ്ങനെ ലഭിച്ചതാണെന്നും ഞാൻ ചെയർമാനോട് പറഞ്ഞു. ഒടുവിൽ അദ്ദേഹം അതംഗീകരിച്ചു. അങ്ങനെയാണ് മമ്മൂട്ടിക്ക് മൂന്നാമത്തെ ദേശീയ പുരസ്കാരം ലഭിച്ചത്. ഒരുപക്ഷേ അന്ന് ഞാൻ മിണ്ടാതിരുന്നെങ്കിൽ അദ്ദേഹത്തിന് അവാർഡ് കിട്ടുമായിരുന്നില്ല. ഒരു ജൂറി അംഗത്തിന്റെ കടമ ഞാൻ ചെയ്തു. പിന്നീട് ഇതറിഞ്ഞ മമ്മൂട്ടിയും എന്നോട് പറഞ്ഞിട്ടുണ്ട്. അത് ബാലചന്ദ്രമേനോന്റെ കടമയാണെന്ന്.’