തരംഗമായി ബിടിഎസിന്റെ പുതിയ ആൽബം; ഒരു മണിക്കൂറിനുള്ളിൽ 9മില്യൺ കാഴ്ചക്കാർ

പുതുതലമുറയുടെ ഹരമായ കൊറിയന്‍ ബാന്റ് ബി.ടി.എസ് ഒന്‍പതാം വാര്‍ഷികത്തില്‍ ആരാധകര്‍ക്കായി ഏറ്റവും പുതിയ ആല്‍ബം റിലീസ് ചെയ്തു. പ്രൂഫ് എന്ന ആല്‍ബത്തിലെ യെറ്റ് ടു കം എന്ന ഗാനം യൂട്യൂബില്‍ വന്ന് ഒരു മണിക്കൂറില്‍ കണ്ടത് 9 മില്യണ്‍പേരാണ്.

Permission to dance എന്ന ഏറ്റവും ഒടുവിലെത്തിയ ആല്‍ബത്തിന് ശേഷം ബങ്ത്താന്‍ ബോയ്സ് ലോകമെമ്പാടുമുള്ള ബി.ടി.എസ് ആര്‍മിക്കായി ഇറക്കിയതാണ് Yet to come...ഒന്‍പതാം വാര്‍ഷികത്തിന്റെ മധുരസമ്മാനമാണ് ഗാനമെന്നാണ് ബി.ടി.എസിന്റെ പ്രഖ്യാപനം. പ്രൂഫ് എന്ന ആല്‍ബത്തിലെ ടൈറ്റില്‍ ട്രാക്കാണിത്. കടല്‍തീരത്ത് ഉല്ലസിക്കുന്ന ഏഴംഗസംഘത്തെയാണ് ആണ് വിഡിയോയില്‍ ആദ്യം കാണുക.

പാട്ടിറങ്ങി ഒരു മണിക്കൂറില്‍ 90 ലക്ഷം പേര്‍ കാഴ്ചക്കാരായി എത്തി എന്നത് ബി.ടി.എസിന് പുതുമയുള്ള കാര്യമല്ല. ഏറ്റവും വേഗത്തില്‍ ബില്‍ബോര്‍ഡില്‍ കയറുന്നതില്‍ നിരന്തരം ഒന്നാമതുള്ള ബാന്‍ഡാണ് ബി.ടി.എസ് . ഇക്കഴിഞ്ഞ അമേരിക്കന്‍ മ്യൂസിക് അവാര്‍ഡില്‍ Artist of the year പുരസ്കാരം നേടിയത് ഷൂഗയും ജങ്കൂക്കും ജിമിനും അടങ്ങുന്ന ഏഴംഗ സംഘമാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ ബാന്‍ഡാണ് ബി.ടി.എസ് . കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസിലെത്തി അമേരിക്കന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ച ലോക ശ്രദ്ധ നേടിയിരുന്നു. ഏഷ്യന്‍ വംശജര്‍ക്ക് നേരെയുള്ള വിദ്വേഷകുറ്റകൃത്യങ്ങള്‍ അവര്‍ ജോ ബൈഡന്റെ ശ്രദ്ധയില്‍പ്പെടുത്തി. റിലീസ് ചെയ്ത എല്ലാ ഗാനങ്ങളും ഒന്നിനൊന്ന്    മെച്ചപ്പെടുത്തിയാണ് ബ്ളാക് പിങ്ക് ഉള്‍പ്പടെയുള്ള മറ്റ് കൊറിയന്‍ ബാന്‍ഡുകള്‍ക്ക് വന്‍ വെല്ലുവിളിയുയര്‍ത്തി ബി.ടി.എസ് സിംഹാസനം പിടിച്ചത്. പ്രൂഫുമായി ആര്‍മിയെ ത്രസിപ്പിക്കാനൊരുങ്ങുകയാണ് ബി.ടി.എസ് .