50 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ജന ഗണ മന; നന്ദി പറഞ്ഞ് പൃഥ്വിരാജ്

പൃഥ്വിരാജ്–സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.  

'500 ദശലക്ഷം സ്നേഹത്തിന് നന്ദി. ജനഗണമനയെ ഇത്രയും വലിയ വിജയമാക്കിയതിന് നന്ദി' എന്നാണ് പൃഥ്വിരാജ് ഫെയിസ്ബുക്കിൽ കുറിച്ചത്.

ഏപ്രിൽ 28ന് തിയറ്ററുകളിൽ റിലീസായ ജന ഗണ മന ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷനാണ് ഇപ്പോൾ അൻപത് കോടി പിന്നിട്ടിരിക്കുന്നത്.  എന്നു നിന്റെ മൊയ്തീൻ, എസ്ര എന്നീ ചിത്രങ്ങൾക്കു ശേഷം 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന മൂന്നാമത്തെ പൃഥ്വിരാജ് ചിത്രം കൂടിയാണ് ജന ഗണ മന. ക്വീൻ എന്ന ചിത്രത്തിലൂടെ 2018ൽ സംവിധാന അരങ്ങേറ്റം നടത്തിയ ഡിജോ ജോസ് ആൻറണിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിയറ്ററുകളിൽ വിജയം നേടിയ ഡ്രൈവിംഗ് ലൈസൻസിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നടന്ന പല സംഭവങ്ങളെയും സാഹചര്യങ്ങളെയും ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. മംമ്ത മോഹൻദാസ്, വിൻസി അലോഷ്യസ്‍, ശാരി, ധ്രുവൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.