ഗ്രാമി നോമിനേഷൻ നേടി റഹ്മാന്റെ 'പരം സുന്ദരി'; ആകാംക്ഷയോടെ ആരാധകർ

കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോര്‍ഡുകൾ തൂത്തെറിഞ്ഞ 'പരം സുന്ദരി'ക്ക് ഗ്രാമി നോമിനേഷൻ. എ.ആർ റഹ്മാൻ തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. 64–ാമത് ഗ്രാമി പുരസ്കാരത്തിനായി ' പരം സുന്ദരി' നിർദ്ദേശിക്കപ്പെട്ടുവെന്നും താൻ അങ്ങേയറ്റം ആകാംക്ഷയോടും സന്തോഷത്തോടെയുമാണ് വാർത്ത പങ്കുവയ്ക്കുന്നതെന്നും റഹ്മാൻ കുറിച്ചു. ഒപ്പം പരം സുന്ദരിയുടെ ലിങ്കും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

അടുത്തമാസം 23 നാണ് ഗ്രാമി പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടിക പുറത്ത് വരുന്നത്. കൃതി സനോൺ, പങ്കജ് ത്രിപാഠി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മൺ ഉഠേക്കർ സംവിധാനം ചെയ്ത ചിത്രമായ മിമി’യിലേതാണ് ‘പരം സുന്ദരി. ശ്രേയാ ഘോഷാലാണ് പരം സുന്ദരി പാടിയിരിക്കുന്നത്. പുറത്തിറങ്ങിയത് മുതൽ ട്രെൻഡിങിലാണ് പരം സുന്ദരി. ബോളിവുഡിൽ ഈ വർഷം ഇറങ്ങിയ ഏറ്റവും മികച്ച ട്രാക്കുകളിൽ ഒന്നാണിതെന്ന് നിരൂപകരും വാഴ്ത്തുന്നു. ഗ്രാമിയുമായി 'പരം സുന്ദരി' വരുമോയെന്ന കാത്തിരിലാണ് സംഗീതലോകം.