അതെ, ഞങ്ങൾ പിരിയുന്നു; കഠിനം; ഇനി സുഹൃത്തുക്കള്‍: സ്ഥിരീകരിച്ച് താരങ്ങള്‍

ദാമ്പത്യജീവിതം ഒഴിവാക്കുകയാണെന്ന വാര്‍ത്ത സ്ഥിരീകരിച്ച് താരദമ്പതികളായ നാഗചൈതന്യയും സാമന്തയും. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് വിവരം ഇരുവരും അറിയിച്ചത്. സാമന്ത പോസ്റ്റിട്ടതിനു പിന്നാലെ നാഗചൈതന്യയും റീല്‍സിലൂടെ വിവരം അറിയിച്ചു. 

ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരങ്ങൾ പങ്കുവച്ച കുറിപ്പിൽ പറയുന്നു. കഠിനമായ ഈ സമയത്ത് പിന്തുണ വേണമെന്നും സ്വകാര്യത മാനിക്കണമെന്നും താരങ്ങൾ അഭ്യർഥിച്ചു.

മുന്‍പും ഇവരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു അപ്രതീക്ഷിത തീരുമാനം വന്നത്. 2010ൽ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ഒക്ടോബര്‍ ആറിനാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേര് സാമന്ത മാറ്റുകയും ചെയ്തിരുന്നു. അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത.