‘അട പാവി’; ചെറുപ്രായത്തിൽ മരണപ്പെട്ട താരങ്ങളിൽ സിദ്ധാർഥും: പരാതിക്ക് യുട്യൂബിന്റെ മറുപടി

‘ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങള്‍’ എന്ന തലക്കെട്ടോടെ എത്തിയ വിഡിയോയില്‍ നടൻ സിദ്ധാർഥിന്റെ ചിത്രവും. ഈ വിഡിയോയ്ക്ക് എതിരെ യൂട്യൂബിന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവിടെനിന്നും കിട്ടിയ മറുപടി കണ്ട് ആശ്ചര്യപ്പെട്ടുപോയെന്ന് നടൻ പറയുന്നു.

‘ഞാന്‍ മരണപ്പെട്ടു എന്നു പറയുന്ന ഈ യൂട്യൂബ് വിഡിയോയ്ക്കെതിരെ വർഷങ്ങൾക്കു മുന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ‘ക്ഷമിക്കണം, ഈ വിഡിയോയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തോന്നുന്നു’ എന്നായിരുന്നു യൂട്യൂബിന്റെ ഭാഗത്തുനിന്നുള്ള മറുപടി.’–സിദ്ധാർഥ് കുറിച്ചു. യുട്യൂബ് പ്രതികരണത്തിന് മറുപടിയായി എന്നോടിത് ചെയ്തല്ലോ എന്ന അർത്ഥത്തിൽ ‘അട പാവി’ എന്നു കൂടി മറുപടിയിട്ടുണ്ട് സിദ്ധാർഥ്.സിദ്ധാര്‍ഥ് മരിച്ചതായി പ്രചരിക്കുന്ന വിഡിയോയില്‍ നടനൊപ്പം സൗന്ദര്യ, ആര്‍ത്തി അഗര്‍വാള്‍ എന്നിവരുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇരുവരും 

വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടവരാണ്.കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ അടക്കം വിവിധ വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാറുള്ള താരമാണ് സിദ്ധാര്‍ഥ്. ഇതുമായി ബന്ധപ്പെട്ട് നിരവധി സൈബർ ആക്രമണങ്ങളും താരം നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇതിനിടെയിലാണ് ഇങ്ങനെയൊരു വ്യാജ വിഡിയോയും മറുപടിയും.