‘സർക്കിളിൽ പ്രവേശിക്കാൻ ശ്രമിച്ചിട്ടില്ല; ചേരുന്ന റോൾ വരുമ്പോൾ ദീലീഷ് വിളിക്കും’

ഒരു മിന്നാമിനുങ്ങായി വന്ന് മലയാള സിനിമയിൽ വേറിട്ട അഭിനയത്തിന്റെ വെളിച്ചം പരത്തിയ നടിയാണ് സുരഭി ലക്ഷ്മി. ദേശീയ പുരസ്കാരം നേടിയെങ്കിലും അഭിനയത്തോടുള്ള പൂതി തുടങ്ങിയിട്ടേ ഉള്ളൂ ഈ നടിയ്ക്ക്. തിയറ്ററുകൾ വീണ്ടും തുറക്കുമ്പോൾ സുരഭിയുടെ ചിത്രങ്ങളും അൺലോക്ക് ആകും. വരാനിരിക്കുന്ന ‘സുരഭി’ല കാലത്തെക്കുറിച്ചും ആഗ്രങ്ങളെക്കുറിച്ചും സുരഭി മനോരമ ന്യൂസ്.കോമിനോടു മനസു തുറക്കുന്നു.

ഏതു വേഷമാണ് കംഫർട്ട് ?

എന്നെ സംബന്ധിച്ച് ഏതു വേഷവും സ്വീകരിക്കും. കംഫർട്ട് സോണൊന്നുമില്ല. ഏറ്റവും കൂടുതൽ ചെയ്യുന്ന വേഷങ്ങൾ, ആ പരിചയം കൊണ്ട് എളുപ്പമാകും. കൂടുതലും കിട്ടിയത് ദാരിദ്ര്യം പിടിച്ച റോളുകളാണ്. ലോ പ്രൊഫൈലുമായി ബന്ധപ്പെട്ടുള്ള കഥാപാത്രങ്ങൾക്കാണ് കൂടുതലും വിളിച്ചിട്ടുള്ളത്. അതെനിക്ക് എളുപ്പമാണ്. അല്ലാതെ എന്റെ കംഫർട്ട് അല്ല. ഒരു നടിയെന്ന നിലയിൽ ഒരു കംഫർട്ട് സോൺ ഉണ്ടാക്കിയെടുക്കാൻ ആഗ്രഹിക്കുന്നില്ല. 

ദേശീയ അവാർഡ് കിട്ടി. അടുത്ത ആഗ്രഹം ?

സിനിമാ ലോകത്ത് അഭിനയമല്ലാതെ വേറൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല, ശ്രമിക്കുന്നില്ല. ആ നിലയ്ക്ക് ഒരു നടിയായി നിലനിൽക്കണമെന്നാണ് ആഗ്രഹം. നിലനിൽപ്പിനായുള്ള സമരമാണ് എല്ലാ മേഖലകളിലും. ഉർവശി, കെപിഎസി ലളിത, സുകുമാരി അമ്മ എന്നിവരൊക്കെയാണ് എന്റെ ലേഡി സൂപ്പർസ്റ്റാറുകൾ. കാരണം ഏതു വേഷം നൽകിയാലും ഫലിപ്പിക്കാൻ അവർക്കാകും. അതുപോലെ ഏതു വേഷവും മികച്ചതാക്കാൻ സാധിക്കുന്ന തലത്തിലേക്ക് വളരുക എന്നതാണ് ആഗ്രഹം. 

ഒതുക്കൽ നേരിട്ടിട്ടുണ്ടോ ?

അങ്ങനെയൊക്കെ പറയാൻ പറ്റുമോ ? ഒരിക്കലുമില്ല. ഇതൊക്കെ ഒരു ഭാഗ്യത്തിന്റെ കളിയാണ്. ഏതെങ്കിലും ഒരു വേഷം ക്ളിക്കാകുമ്പോൾ ആ നിമിഷം മുതൽക്കായിരിക്കും നമ്മളെ ശ്രദ്ധിക്കുക. ആ വേഷം കിട്ടുക എന്നതാണ് പ്രധാനം. അതിനായി കാത്തിരിക്കുന്നു. 

അത്തരമൊരു വേഷം ഇതുവരെ കിട്ടിയിട്ടില്ലേ ?

ഒരു കൊമേഴ്സ്യൽ ചിത്രത്തിൽ അത്തരമൊരു റോൾ കിട്ടിയിട്ടില്ല. അതിനായി കാത്തിരിക്കുന്നു. സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നു

ദേശീയ അവാർഡ് ലഭിച്ച ശേഷമുള്ള സലിം കുമാറിന്റെ അനുഭവം തന്നെയാണോ സുരഭിയ്ക്കും ?

ഒരിക്കലുമില്ല. സലീമേട്ടന്റെ സംബന്ധിച്ച് അവാർഡിനു മുൻപ് നിരവധി വേഷങ്ങൾ കിട്ടിയിരുന്നു. അതുകൊണ്ട് അദ്ദേഹം പറയുന്നതിൽ കാര്യമുണ്ട്. നിരവധി ഹാസ്യ വേഷങ്ങൾ ചെയ്തു കൊണ്ടിരുന്ന നടനാണ് സലീം കുമാർ. എന്നേയും സലീമേട്ടനേയും താരതമ്യം ചെയ്യാനാകില്ല. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന് ആ വേഷം കിട്ടിയതു കൊണ്ടു ആ നടന്റെ വേറൊരു റേഞ്ച് പ്രേക്ഷകർക്കു കാണാനായി. ഒരു അവാർഡ് പടത്തിൽ മരിച്ചഭിനയിച്ചാലും ജനങ്ങൾ കാണുന്നില്ലെങ്കിൽ പ്രയോജനമില്ല. പ്രേക്ഷകർ കാണുന്ന ഒരു ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കുമ്പോൾ മാത്രമേ പൊതുജനം നമ്മളെ അംഗീകരിക്കൂ. അപ്പോഴേ കൂടുതൽ അവസരങ്ങളും കിട്ടൂ. അത്തരമൊരു കഥാപാത്രങ്ങൾ ഇതുവരെ എനിക്കു കിട്ടിയിട്ടില്ല. സലിം കുമാറിനും സുരാജിനും വലിയ സിനിമാ പശ്ചാത്തലമാണ് ഉണ്ടായിരുന്നത്. ഒട്ടു മിക്ക ഹിറ്റ് ചിത്രങ്ങളിലും ഹാസ്യതാരങ്ങളെന്ന നിലയിൽ അവർക്കു അവരുടേതായ ഒരു ഇടം ഉണ്ടായിരുന്നു. 

എന്നാൽ എന്നെ സംബന്ധിച്ച് ഒരു സിനിമയിൽ ഒന്നോ രണ്ടോ ദിവസം അഭിനയിച്ചു പോകുന്ന ഒരു നടി മാത്രമാണ് . പലർക്കും എന്റെ പേരു പോലും അറിയില്ല. ഞാൻ ഒരു മുഴുവൻ സമയ സിനിമാക്കാരിയായിരുന്നില്ല. തിയറ്റർ, സീരിയൽ നടി എന്ന പ്രൊഫൈലിൽ  നിൽക്കുന്നയാളായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. സിനിമയിലാണ് പൂർണശ്രദ്ധ. അതിന്റെ പ്രയോജനം കിട്ടുന്നുമുണ്ട്. 

സിനിമാ രംഗത്തെ സർക്കിളിൽ വിശ്വസിക്കുന്നുണ്ടോ ?

തീർച്ചയായും വിശ്വസിക്കുന്നുണ്ട്. നമ്മുെട വീട്ടിലെ കല്യാണത്തിന് നമ്മൾക്കു പരിചയമുള്ളവരെയാണ് വിളിക്കുക. ഈ സർക്കിൾ എല്ലാ മേഖലയിലുമുണ്ട്.  അത്തരം ഗ്യാംങ്ങളുകളിലേക്ക് പോയി പെടേണ്ടതുണ്ട്. സ്വഭാവികമായി സംഭവിക്കേണ്ട ഒന്നാണ് അത്. മനപൂർവം അങ്ങനെയൊന്നും ഉണ്ടാക്കരുത് എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. സൗഹൃദങ്ങളെ സിനിമയിൽ അവസരം കിട്ടാൻ വേണ്ടി ഉപയോഗിക്കാറില്ല. പലരും ചോദിക്കാറുണ്ട്. ദിലീഷ് പോത്തൻ സുരഭിയുടെ ക്ളാസ്മേറ്റല്ലേ എന്ന്. എന്തിനാണ് അദ്ദേഹത്തെ വെറുതെ ക്രൂശിക്കുന്നത്. അദ്ദേഹം എനിക്കു ഏട്ടന്റെ സ്ഥാനത്താണ്. കാലടിയിൽ പഠിക്കുന്ന കാലത്തു ഒരുമിച്ചാണ് സ്വപ്നങ്ങൾ കണ്ടത്. ഞങ്ങൾ രണ്ടു പേർക്കും ഒരേ വർഷമാണ് ദേശീയ അവാർഡ് കിട്ടുന്നത്. എനിക്കു ഒരു പത്തു ലക്ഷം രൂപ ആവശ്യമുണ്ടെന്നു പറഞ്ഞാൽ ഉടൻ എടുത്തു തരുന്ന ബന്ധമാണ് ഞാനും ദിലീഷും തമ്മിൽ. 

ദിലീഷിന്റെ സിനിമയിൽ അവസരങ്ങൾ ചോദിച്ചിട്ടുണ്ടോ ? 

അദ്ദേഹത്തിന്റെ സിനിമയിൽ നായികയാകണം, പ്രധാനപ്പെട്ട റോൾ വേണം എന്നു ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ചോദിക്കുകയുമില്ല. അദ്ദേഹം എന്നേക്കാൾ സീനിയറാണ്. എനിക്കു ചേരുന്ന ഒരു റോൾ വരുന്ന കാലത്ത് അദ്ദേഹം വിളിക്കുമെന്നു കരുതുന്നു. എല്ലാ പടങ്ങളും ചെയ്യുന്നതിനു മുൻപ് ദിലീഷ് എന്നെ അറിയിക്കാറുണ്ട്. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ഞാൻ കാണാറുണ്ട്. അഭിനന്ദിക്കുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നുമില്ലാതിരുന്ന കാലത്തു തുടങ്ങിയ സൗഹൃദമാണ് അദ്ദേഹവുമായി. അതിന്റെ മധുരം ഒന്നു വേറെ തന്നെയാണ്. 

ഏതൊക്കെയാണ് പുറത്തിറങ്ങാൻ പോകുന്ന ചിത്രങ്ങൾ ? 

കള്ളൻ ഡിസൂസ, അനൂപ് മേനോന്റെ നായികയാകുന്ന പത്മ, കുറുപ്പ്, തല, ജ്വാലാമുഖി, അനുരാധ, പൊരിവെയിൽ. 

അഭിനയത്തിനുള്ള തയ്യാറെടുപ്പുകൾ എങ്ങനെ ?

അഭിനയത്തിന് ഏറ്റവും ആവശ്യം പരിശീലനമാണ്. ശാസ്ത്രീയമായി പഠിക്കണം. എന്നാൽ മാത്രമേ നമ്മുടേതായ ഒരു കയ്യൊപ്പു ചാർത്താൻ പറ്റൂ. പല നടീനടൻമാരും അതു ചെയ്യുന്നുമുണ്ട് .ആരും തുറന്നു പറയുന്നില്ലെന്നു മാത്രം. ആഗ്രഹം കൊണ്ട് മാത്രം നടനാകാനാകില്ല. 

വേഷം ചോദിച്ച് സംവിധായകരെ വിളിക്കാറുണ്ടോ ?

(ചിരിയോടെ) ഒരു നറുക്കിനു ചേർക്കണേ...എന്നു തമാശരൂപേണ പറയാറുണ്ട്. ചിലപ്പോൾ നറുക്ക് വീഴും. ചെലോരതു ശര്യാകും, ചെലോരത് ശര്യാകൂല..