‘ഭാര്യ സ്വകാര്യ സ്വത്തല്ല’; സുപ്രധാന വിധിയെപ്പറ്റി ജിയോ ബേബിക്ക് പറയാനുള്ളത്..

‘തോന്നുന്നതെന്തും ചെയ്യാനാവില്ല; വസ്തുവോ സ്വകാര്യ സ്വത്തോ അല്ല ഭാര്യ’ ബോംബെ ഹൈക്കോടതിയുടെ ഈ നിർണായക വിധിയിൽ സ്ത്രീകളേവരും സന്തോഷിച്ചു, ഒപ്പം സ്ത്രീകളെയും അവരുടെ അവകാശത്തെയും ചേർത്തു നിർത്തുന്നവർക്കും ആശ്വാസം തോന്നിയ വിധിയാണ്. വിധി കേട്ടപ്പോൾ ആദ്യം ഓർമയിൽ വന്നത് ആഴ്ചകൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയാണ്. ഇന്നലെ ബോംബെ ഹൈക്കോടതി ഉറച്ച ശബ്ദത്തിൽ പറഞ്ഞ കാര്യങ്ങൾ ആ ചിത്രത്തിലൂടെ ദിവസങ്ങൾക്കു മുൻപെ ജിയോ ബേബിയും ടീമും പറഞ്ഞുവച്ചതാണ്. 

ഈ വിധി കേട്ടപ്പോൾ തനിക്കേറെ സന്തോഷം തോന്നിയെന്ന് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സംവിധായകൻ ജിയോ ബേബി പറഞ്ഞു . നമ്മുടെ അമ്മയും ഭാര്യയും സഹോദരിയും പലയിടത്തും മാറ്റി നിർത്തപ്പെടുന്നു. അവരെ പലയിടത്തും നമുക്ക് ലഭ്യമല്ല. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് കോടതികളുടെ ഇടപെടല്‍ ഇനിയും ഇനിയും വരട്ടെ. ഒരു തല്ലെങ്കിലും കിട്ടാത്ത ഭാര്യമാരുണ്ടാവില്ല നമ്മുടെയിടെയിൽ. നമുക്കേറ്റവും ഇഷ്ടപ്പെട്ടവരെ മാറ്റിനിർത്തപ്പെടുമ്പോൾ എനിയ്ക്കും തോന്നിയിട്ടുണ്ട് ചില ബോധ്യങ്ങളും അനുഭവങ്ങളും. അന്നു പക്േഷ അത് സ്ത്രീ പക്ഷമാണെന്നുള്ള തിരിച്ചറിവൊന്നുമുണ്ടായിരുന്നില്ലെന്ന് ജിയോ ബേബി മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു..ചെറിയൊരു സംഭവം പറഞ്ഞാൽ എനിയ്ക്ക് ഷാപ്പിലെ ഭക്ഷണം ഇഷ്ടമായിരുന്നു,അനുജത്തിക്കും ഇഷ്ടമാണ്., പക്ഷേ അവൾക്കൊപ്പം അങ്ങനെ പോയിരുന്ന് ഭക്ഷണം കഴിക്കാൻ എന്റെ ചെറുപ്പകാലത്തൊന്നും സാധിച്ചിട്ടില്ല. ഷാപ്പിൽ പോയി ഭക്ഷണം കഴിക്കുക എന്നതല്ല പറഞ്ഞു വരുന്നത്, അത്രയും ചെറിയൊരു കാര്യം പോലും അവൾക്ക് അന്യമായിരുന്നു എന്നു ഓർമിപ്പിക്കുകയാണ്.’ 

കുടുംബ വഴക്കുകളും അത് സംബന്ധിച്ചുള്ള കോടതി വിധികളും ചർച്ചയാകുന്നത് പതിവാണ്, പക്ഷേ ആഴ്ചകൾക്കു മുൻപ് സോഷ്യൽ മീഡിയകളിൽ ചർച്ചയും വാദപ്രതിവാദങ്ങളും തീർത്ത ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന മലയാള ചിത്രം ബോംബെ ഹൈക്കോടതിയുടെ വിധിയിലൂടെ വീണ്ടും ചർച്ചയാവുകയാണ്.. സ്ത്രീകൾ ചെയ്യുന്ന പ്രതിഫലമില്ലാത്ത അധ്വാനമാവും മിക്കപ്പോഴും ഈ ചർച്ചകളിലെ പ്രധാന വിഷയം. എന്നാൽ പണ്ട് മുതലുള്ള കീഴ് വഴക്കം എന്ന നിലയിൽ ഇന്നും അവരുടെ ആധ്വാനം തള്ളിക്കളയപ്പെടുന്നു. ഇപ്പോഴിതാ ആ വാദത്തെ ഒരിക്കൽ കൂടി ശരിവയ്ക്കുകയാണ് ബോംബെ ഹൈക്കോടതി.

ഭർത്താവിനു ‘തോന്നുന്നതെന്തും ചെയ്യാവുന്ന’ വസ്തുവോ സ്വകാര്യ സ്വത്തോ അല്ല ഭാര്യയെന്നും വിവാഹം തുല്യതയുടെ അടിസ്ഥാനത്തിലുള്ള പങ്കാളിത്തമാകണമെന്നും ബോംബെ ഹൈക്കോടതി പറഞ്ഞു. ചായയുണ്ടാക്കാത്തതിനു ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന കേസിൽ കീഴ്ക്കോടതി വിധിച്ച 10 വർഷം തടവിനെതിരെ സന്തോഷ് അത്കർ എന്നയാൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് രേവതി മൊഹിതെയുടെ നിരീക്ഷണം.