‘ചേട്ടൻ ബാവ ആകേണ്ടിയിരുന്നത് തിലകൻ! നരേന്ദ്ര പ്രസാദിലേക്കു എത്താനുള്ള കാരണം’

കുട്ടൻ ബാവയും കു‍ഞ്ഞൻ ബാവയും. ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും ഭൂതകാലം നൽകിയ നെഞ്ചുറപ്പും ആത്മവിശ്വാസവും മൂലധനമാക്കി ജീവിത്തിൽ പൊരുതി ജയിച്ച ചേട്ടനും അനിയനും. രണ്ടു ശരീരമെങ്കിലും ഒരു മനസ്സ്. അവരെ എല്ലാവരും ‘അനിയൻ ബാവയെന്നും ചേട്ടൻ ബാവ’യെന്നും വിളിച്ചു.

അവർക്കിടയിലേക്കു കടന്നു വരുന്ന കുറേ മനുഷ്യരും സംഭവങ്ങളും പിണക്കവും ഇണക്കവുമൊക്കെയാണ് റാഫി മെക്കാർട്ടിൻ തിരക്കഥയെഴുതി രാജസേനൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചലച്ചിത്രം ‘അനിയൻ ബാവ ചേട്ടൻ ബാവ’യെ രസകരമാക്കുന്നത്.

മലയാളത്തിന്റെ മഹാനടൻമാരായ നരേന്ദ്രപ്രസാദും രാജൻ പി ദേവുമാണ് ‘ചേട്ടൻ ബാവയും അനിയൻ ബാവയുമായി’ നിറഞ്ഞാടിയത്. വർഷം 25 കഴിഞ്ഞിട്ടും ഇപ്പോഴും മലയാളി ‘അനിയൻ ബാവ ചേട്ടൻ ബാവ’യെയും ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു.

ഇപ്പോഴിതാ, ‘അനിയൻ ബാവ ചേട്ടൻ ബാവ’യുടെ ജൻമചരിതവും കൂടുതല്‍ വിശേഷങ്ങളും ‘വനിത’യിലെ ‘ഓർമയുണ്ട് ഈ മുഖം’ എന്ന കോളത്തിലൂടെ എഴുതിയിരിക്കുകയാണ് റാഫി.

‘എഴുതുമ്പോൾ ഞങ്ങളുടെ മനസ്സിൽ അനിയന്‍ ബാവ രാജൻ പി ദേവും ചേട്ടന്‍ ബാവ തിലകനുമായിരുന്നു. ‘കാട്ടുകുതിര’ എന്ന സിനിമയില്‍ തിലകൻ ചേട്ടൻ അവതരിപ്പിക്കുന്ന കൊച്ചുവാവയുമായി ചേട്ടൻ ബാവയ്ക്ക് സാമ്യം വരുമോ എന്ന് രാജസേനൻ സാറിന് ഒരു സംശയം. അദ്ദേഹം പറഞ്ഞു, ‘ചേട്ടൻ ബാവ നരേന്ദ്ര പ്രസാദ് സാർ മതി’.

പ്രസാദ് സാർ കൂടുതലും വില്ലൻ – ബുദ്ധിജീവി റോളുകള്‍ ചെയ്തു കൊണ്ടിരുന്ന കാലമാണ്. ഇതുപോലൊരു കോമഡിക്കുപ്പായം അദ്ദേഹത്തിനു ചേരുമോ എന്നു ഞങ്ങൾക്കൊരാശങ്ക. പക്ഷേ, സംവിധായകന്റെ മനസ്സിൽ ഒരു സിനിമ തെളിഞ്ഞിട്ടുണ്ടാകുമല്ലോ. അദ്ദേഹം പറഞ്ഞു, ആ റോൾ പ്രസാദ് സാർ ചെയ്താൽ നന്നായിരിക്കും. അതിനൊരു പുതുമയുണ്ടാകും’.

(പൂർണരൂപം പുതിയ ലക്കം വനിതയിൽ (മാർച്ച് 6, 2021) വായിക്കാം