തിലകൻ ചേട്ടൻ പറഞ്ഞു, വിലക്കുണ്ടെന്ന്; എന്നെ ബാധിക്കില്ലെന്ന് പറഞ്ഞു; അങ്ങനെയത് സംഭവിച്ചു

വിലക്കും മാറ്റിനിർത്തലുമൊക്കെയായി മലയാളസിനിമയിൽ ഒരു മോശം കാലമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി സംവിധായകൻ രഞ്ജിത്. ഒരു അസോസിയേഷൻ മാത്രമല്ല അത്തരം നിലപാടെടുത്തിരുന്നത്. അപ്രഖ്യാപിത വിലക്കും പ്രഖ്യാപിത വിലക്കും ഉണ്ടായിരുന്നെന്നും രഞ്ജിത് സിനിമാ പാരഡൈസോ ക്ലബ്ബിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഇന്ത്യൻ റുപ്പീ എന്ന സിനിമയെടുക്കുമ്പോൾ അച്യുതമേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തിലകൻ‌ ചേട്ടനല്ലാതെ മറ്റാരും എന്റെ മനസ്സിലില്ല. ഞാൻ അദ്ദേഹത്തെ വിളിച്ചു. എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്, വിലക്കുണ്ട് എന്നൊക്കെ അദ്ദേഹം പറഞ്ഞു. അതൊക്കെ വിട്ടേക്കൂ, അത് നമ്മളെ ബാധിക്കില്ലെന്ന് മറുപടി നൽകി. ചേട്ടൻ അഭിനയിക്കാൻ റെഡിയായി, ആ സിനിമ ചെയ്തു. 

അങ്ങനെയൊരു മോശം കാലം മലയാള സിനിമക്കുണ്ടായിരുന്നു. ഒരു അസോസിയേഷൻ മാത്രമല്ല അത്തരം വിലക്ക് പോലുള്ള നടപടികളെടുത്തിരുന്നത്. തിലകൻ ചേട്ടന്റെ കാര്യത്തിൽ അത് 'അമ്മ'യാണെന്ന് പറയുന്നു. പക്ഷേ ഇന്ത്യൻ റുപ്പിയിലേക്ക് തിലകൻ ചേട്ടനെ വിളിക്കുന്ന കാര്യം ഇന്നസെന്റിനോടും ഉണ്ണിക്കൃഷ്ണനോടുമെല്ലാം പറഞ്ഞിരുന്നു. അവർക്കൊരു പ്രശ്നവുമില്ലായിരുന്നു. 

മോശം പ്രവണതയുള്ള കാലത്തെ ഒരു കഥയാണ് തിലകൻ ചേട്ടന്റേത്. മറ്റ് പലരും സമാനമായ രീതിയിൽ വിലക്കൊക്കെ സഹിച്ചിട്ടുണ്ട്. തിലകൻ ചേട്ടന് അദ്ദേഹത്തിന്റേതായ ചില കുസൃതികളും രീതികളും എല്ലാമുണ്ട്. ഷൂട്ടിങ് സമയത്ത് സംവിധായകരുമായി വഴക്കുണ്ടാക്കാറുണ്ട്. അത് അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുള്ള എല്ലാവർക്കുമറിയാം. പക്ഷേ അതിനെല്ലാം അപ്പുറത്താണ് അദ്ദേഹത്തിലെ നടനെ ഞാൻ കണ്ടിരുന്നത്– രഞ്ജിത്ത് പറഞ്ഞു.