ദൃശ്യം 2 തിയറ്ററിലും റിലീസ് ചെയ്തേക്കാം; പ്രതീക്ഷ പകര്‍ന്ന് മോഹന്‍ലാ‌ല്‍: അഭിമുഖം

വരുണ്‍ കൊലപാതകത്തിന്റെ ഉത്തരവാദി ജോര്‍ജുകുട്ടിയാണെന്ന് തെളിയുന്നു. ജോര്‍ജുകുട്ടി അറസ്റ്റിലാവുന്നു. ദൃശ്യം 2 പുറത്തിറങ്ങാനിരിക്കുമ്പോള്‍ ആരാധകര്‍ക്കിടയിലെ അടക്കംപറച്ചിലുകള്‍ അങ്ങനെ പോകുന്നു. പക്ഷേ, സംവിധായകന്‍ ജീത്തു ജോസഫും നായകന്‍ മോഹന്‍ലാലും കാത്തുവച്ചിരിക്കുന്നത് അതല്ലെങ്കിലോ..? അതിനോട് മോഹന്‍ലാല്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. ‘ജോര്‍ജുകുട്ടിയെ നിങ്ങളെപ്പോലെ എനിക്കും കൃത്യമായി പിടികിട്ടിയിട്ടില്ല. രഹസ്യങ്ങള്‍ ഒളിപ്പിച്ച് ആദ്യഭാഗത്ത് അയാള്‍ വിജയിയാകുന്നു. തുടര്‍ന്നും അങ്ങനെതന്നെയാണ്..’

പൊലീസ് അറസ്റ്റുചെയ്തുകഴിഞ്ഞാല്‍ രഹസ്യം അവസാനിച്ചില്ലേ എന്ന് ചോദിച്ചപ്പോള്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതുകൊണ്ടുമാത്രം അങ്ങനെയാവണമെന്നില്ലല്ലോ എന്ന് മോഹന്‍ലാല്‍ തിരിച്ചു ചോദിച്ചു. അയാള്‍ ജയിലിലാവുകയാണെങ്കില്‍ അടുത്തഭാഗത്ത് ജയില്‍ ചാടി വരാമല്ലോ..? അങ്ങനെ ദൃശ്യം 3 ഉണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകരോട് അപേക്ഷയുണ്ട്. ജോര്‍ജുകുട്ടിയെപ്പോലെ രഹസ്യം ഒളിപ്പിച്ചതുപോലെ സിനിമയെകുറിച്ചുള്ള രഹസ്യങ്ങള്‍ നിങ്ങളാരും പുറത്തുപറയരുത്. എല്ലാവരും കാണട്ടെ. ആദ്യഭാഗം പോലെ ദൃശ്യം 2 തിയറ്ററില്‍ കാണാന്‍ ആഗ്രഹിക്കുന്നവരുണ്ട്.  ഒടിടി റിലീസാണെങ്കിലും നാലുമാസം കഴിഞ്ഞ് ദൃശ്യം 2 തിയറ്ററുകളില്‍ റിലീസ് ചെയ്തേക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നീണ്ടകാലത്തെ അഭിനയജീവിതത്തില്‍ ദൃശ്യം 2 പലതുകൊണ്ടും പ്രത്യേകതകള്‍ നിറ​ഞ്ഞതാണ്. കോവിഡ് കാലത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കാനുള്ള തീരുമാനത്തിന്റെ ഭാഗംകൂടിയായിരുന്നു ചുരുങ്ങിയ സമയംകൊണ്ട് ചിത്രീകരണം ആരംഭിച്ചത്. എല്ലാം ഭംഗിയായി വന്നതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.