മമ്മൂട്ടിയും മോഹൻലാലും മലയാളത്തിന്റെ കണ്ണുകൾ; അന്ന് കൊച്ചിൻ ഹനീഫ പറഞ്ഞത്; വിഡിയോ

മലയാളസിനിമയുടെ എക്കാലത്തെയും പ്രിയതാരം കൊച്ചിൻ ഹനീഫ മൺമറഞ്ഞിട്ട് ഇന്ന് 11 വർഷമായിരിക്കുകയാണ്. വില്ലനായെത്തി ഹാസ്യതാരമായി മാറി മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരമാണ് കൊച്ചിൻ ഹനീഫ.സംവിധായകനായും തിളങ്ങിയ അദ്ദേഹത്തിന്റെ അകാലത്തിലുള്ള  വേർപാടിൽ മലയാള സിനിമ പ്രേക്ഷകർക്ക് ഇന്നും വേദനയാണ്. ഇപ്പോഴിതാ 1992–ൽ ഖത്തറിലെത്തിയ കൊച്ചിൻ ഹനീഫയുടെ ഒരു അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. 

മലയാളസിനിമയുടെ വസന്തകാലമാണ് ഇപ്പോൾ നടക്കുന്നതെന്ന് കൊച്ചിൻ ഹനീഫ പറയുന്നു. മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും സർഗപ്രതിഭകളാണ്. രണ്ട് കണ്ണുകളാണെന്ന് തന്നെ പറയാം. യുവതാരങ്ങളായ സിദ്ദീഖ്, ജഗദീഷ്, മുകേഷ്, സൈനുദ്ദീന്‍, ജയറാം എന്നിവര്‍ അപാര കഴിവുകളുള്ളവരാണ്. ഇനിയും ഇത്തരത്തിലുള്ള താരങ്ങള്‍ മലയാളത്തില്‍ പിറവിയെടുക്കും. കൊച്ചിന്‍ ഹനീഫ പറഞ്ഞു. മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ നായികാകഥാപാത്രങ്ങള്‍ കുറവാണെന്നും ആകെക്കൂടി ഉര്‍വ്വശിയെ കൊണ്ട് തൃപ്തിപ്പെടുകയാണെന്നും കൊച്ചിന്‍ ഹനീഫ പറയുന്നു. 

വിഡിയോ കാസറ്റുകളുടെ വരവ് തിയറ്ററുകളെ ബാധിക്കുമെന്നും സിനിമയുടെ ഒരു ശതമാനം നഷ്ടമാകുമെന്നും കൊച്ചിന്‍ ഹനീഫ പഴയ അഭിമുഖത്തില്‍ അഭിപ്രായപ്പെടുന്നു. അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഏ.വി.എം ഉണ്ണിയാണ് ഖത്തറില്‍ വെച്ച് 1992ല്‍ അഭിമുഖം സംഘടിപ്പിച്ചത്. ഏ.വി.എം ഉണ്ണി ആര്‍ക്കൈവ്സ് എന്ന യൂ ട്യൂബ് ചാനല്‍ വഴിയാണ് കൊച്ചിന്‍ ഹനീഫയുടെ അഭിമുഖം പുറത്തുവിട്ടത്.

അഭിമുഖം കാണാം: