പാർട്ടിയിൽ ചേരരുത്; യോഗം വിളിച്ച് ആരാധകരോട് വിജയ്; അനുസരിച്ച് 'മക്കൾ'

തന്റെ പേരിൽ അച്ഛൻ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കരുതെന്ന് തമിഴ് സൂപ്പർതാരം വിജയ്. ഫാൻസ് അസോസിയേഷന്റെ യോഗം വിളിച്ചാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് പിതാവ് എസ്.എ ചന്ദ്രശേഖറുമായി കടുത്ത അഭിപ്രായ വ്യത്യാസമാണ് താരത്തിനുള്ളത്. വിജയ്​യുടെ നിർദേശത്തെ തുടർന്ന് ചന്ദ്രശേഖർ രൂപീകരിക്കുന്ന പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കില്ലെന്ന് വിജയ് മക്കൾ ഇയക്കം പ്രതിജ്ഞയെടുത്തതായും റിപ്പോർട്ടുണ്ട്.

വിജയ് ഫാൻസ് അസോസിയേഷനെ, അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കമെന്ന പേരിൽ രാഷ്ട്രീയ പാർട്ടിയായി റജിസ്റ്റർ ചെയ്യാൻ ചന്ദ്രശേഖർ തിരഞ്ഞെടുപ്പു കമ്മിഷനിൽ അപേക്ഷ നൽകിയതോടെയാണു ഭിന്നതയുടെ തുടക്കം. തീരുമാനം തന്റെ അറിവോടെയല്ലെന്നും ആരാധകർ പാർട്ടിയിൽ ചേരരുതെന്നും വിജയ് പ്രസ്താവനയിറക്കി.

പേരോ ചിത്രമോ ദുരുപയോഗം ചെയ്താൽ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകി. ഇതോടെയാണ്, പിതാവും മകനും തമ്മിലുള്ള അഭിപ്രായ ഭിന്നത പരസ്യമായത്. വിജയ്‌യുടെ അമ്മ ശോഭ പിന്നീട് ഇതു സ്ഥിരീകരിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പരസ്യ പ്രസ്താവന അരുതെന്ന വിലക്കിയിട്ടും ചെവിക്കൊള്ളാത്ത പിതാവുമായി അഞ്ചു വർഷമായി വിജയ് മിണ്ടാറില്ലെന്നായിരുന്നു ശോഭയുടെ വെളിപ്പെടുത്തൽ. പുതിയ രാഷ്ട്രീയ പാർട്ടിയിലേക്കു ആരാധകർ പോകുന്നതു തടയണമെന്നു ജില്ലാ ഭാരവാഹികൾക്കു വിജയ് നിർദേശം നൽകി. ഇസിആറിലെ അതിഥി മന്ദിരത്തിലാണ് ജില്ലാ ഭാരവാഹികളുടെ യോഗം താരം വിളിച്ച് ചേർത്തത്.