അബു സലീമിന്റെ ‘ദ് ഷോക്ക്’; ശരിക്കും ഷോക്ക് ആയി; പ്രശംസിച്ച് ദേവന്‍

സ്ക്രീനില്‍ മസിലും പെരുപ്പിച്ച് അബു സലിം വരുമ്പോഴേ അറിയാം, കട്ട ഫൈറ്റ് ആയിരിക്കുമെന്ന്. വില്ലനായും സഹനടനായും നെഗറ്റീവ് ടച്ചുള്ള പൊലീസ് ഓഫിസറായും മലയാളികള്‍ക്കു സുപരിചിതനാണ് ഈ നടന്‍. എന്നാല്‍ പതിവ് ട്രാക്കില്‍ നിന്നും അബു സലീമിന്റെ വേറിട്ട പ്രകടനമായിരുന്നു ‘ദ് ഷോക്ക്’ എന്ന ഹ്രസ്വചിത്രത്തില്‍. ചിത്രം കണ്ട് ശരിക്കും ഷോക്ക് ആയി എന്നായിരുന്നു നടന്‍ ദേവന്റെ പ്രതികരണം. 

‘ഇന്ന് ഒരു ഹ്രസ്വചിത്രം കണ്ടു, 'ദ് ഷോക്ക്'. ശരിക്കും ഷോക്ക് ആയിപോയി, ഒന്നാമത്തേത് അബു സലിം എന്ന നടൻ തന്നെ. നമ്മൾ എത്രയോ സിനിമകളിലൂടെ ഇയാളെ കണ്ടിട്ടുണ്ട്. വില്ലനും ഗുണ്ടയും ആയി നായകന്മാരുടെ കൈയിൽനിന്നും വാരിക്കോരി അടിവാങ്ങുന്ന നടൻ. അയാളിലെ നടനെ കണ്ടെത്തിയിരിക്കുന്നു ശരത്ചന്ദ്രൻ വയനാട് ഈ ചിത്രത്തിലൂടെ.’–ദേവൻ പറഞ്ഞു.

പ്രകൃതി ദുരന്തം വലിയ രീതിയിൽ ബാധിച്ച വയനാട് പശ്ചാത്തലമാക്കി ശരത്ചന്ദ്രൻ വയനാട് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വ ചിത്രമാണ് 'ദ് ഷോക്ക്'. എം.ആര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ മുനീർ ടി. കെ., റഷീദ് എം.പി. എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പോൾ ബത്തേരി നിര്‍വഹിക്കുന്നു.

പ്രകൃതി ചൂഷണത്തിനെതിരെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ചില വർഷങ്ങളിലായി കേരളത്തെ ദുരിതത്തിലാഴ്ത്തുന്ന പ്രളയവും ഉരുള്‍പൊട്ടലുമടക്കമുള്ള പ്രകൃതി ക്ഷോഭങ്ങൾക്ക് ഒരു പരിധി വരെ മനുഷ്യര്‍ തന്നെയാണ് കാരണമെന്ന് ചിത്രം പറയാതെ പറയുന്നു. പ്രകൃതിയിലെ പല ദുരന്തങ്ങള്‍ കാഴ്ചക്കാർക്ക് ആഘോഷമാകുമ്പോൾ അതിന്‍റെ കാഠിന്യം അനുഭവിക്കുന്നവർക്ക്, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് അതു ഒരിക്കലും മറക്കാനാകാത്ത മുറിവായി മാറും എന്നാണ് ഈ ഹ്രസ്വചിത്രം പറയുന്നത്.

അമേയ, ധനേഷ് ദാമോദർ, റിയാസ് വയനാട്, ലെന, സന്തോഷ്‌ കുട്ടീസ്, ഷീന നമ്പ്യാർ, മുനീർ, സിൻസി, മുസ്തഫ, ഷാജി,മാരാർ, ജയരാജ്‌ മുട്ടിൽ എന്നിവരും അഭിനയിക്കുന്നു.ഷീമ മഞ്ചാന്‍റെ വരികൾക്ക് കുഞ്ഞിമുഹമ്മദ്‌ ഈണം പകർന്ന ഒരു ഗാനം ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. അതി ജീവനത്തിന്‍റെ ഈ കാലത്ത് ഇനിയൊരു പ്രകൃതി ദുരന്തം കൂടി നമ്മുടെ നാടിനെ കീഴ്‍പ്പെടുത്താതിരിക്കാൻ പ്രകൃതി സംരക്ഷണത്തിന് നമ്മൾ തന്നെ മുന്നിട്ടിറങ്ങണമെന്നാണ് 'ദി ഷോക്ക്' പറയുന്നത്. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ താഹീര്‍ മട്ടാഞ്ചേരി, വാര്‍ത്ത പ്രചരണം എ.എസ്. ദിനേശ് എന്നിവരാണ്.