അനുവാദം ചോദിക്കാതെ വീട്ടിലേക്കു വരല്ലേ; അനശ്വരയുടെ അഭ്യർഥന ഇങ്ങനെ

മുൻകൂട്ടി പറയാതെ തന്റെ വീട്ടിലേക്ക് വരല്ലേ എന്ന് അഭ്യർഥനയുമായി നടി അനശ്വര രാജൻ. കോവിഡിന്റെ സാഹചര്യത്തില്‍ അവുവാദമില്ലാതെ വീട്ടിലേക്കു വരുന്നത് അപകടമാണെന്നും സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ച് എല്ലാവരും ബോധവാന്‍മാരാകേണ്ടതുണ്ടെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നേരത്തെ അനുവാധം വാങ്ങാതെ യൂട്യൂബ് കണ്ടന്റും വിഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കാനെത്തുന്നവരോട് കൂടിയാണ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് താരം പറയുന്നത്.

എല്ലാവരും തന്നോടു കാണിക്കുന്ന സ്‌നേഹത്തെയും ഊഷ്മളതയെയും അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മെസേജുകളെല്ലാം വായിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. ചിലര്‍ മുന്‍കൂട്ടി അനുവാദം ചോദിക്കാതെ വീട്ടിലേക്കു വരുന്നു. അതിനു മുന്‍പ് ഞാന്‍ അവിടെയുണ്ടോ എന്ന് നിങ്ങള്‍ അന്വേഷിക്കുകയും അനുവാദം വാങ്ങുകയും ചെയ്തിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. ഈ സമയത്ത് സാമൂഹിക അകലം പാലിക്കേണ്ടത് എത്ര പ്രധാനമാണെന്നതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ. സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നിയമങ്ങളും നമ്മള്‍ പാലിക്കേണ്ടതുണ്ടെന്നും അനശ്വര കുറിച്ചു.