അവാര്‍ഡ് വന്നപ്പോള്‍ അശോകന്‍ പെയിന്റ് പണിയില്‍; ഫോണുമായി മകന്‍ പാഞ്ഞെത്തി

ഉടുവസ്ത്രംവരെ പെയിന്റ് നിറഞ്ഞ് നില്‍ക്കുമ്പോഴാണ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം അശോകനെ തേടിയെത്തുന്നത്. കോവിഡ് കാലത്ത് സിനിമകള്‍ ഇല്ലാതായതോടെ പെയിന്റിങ് ജോലിക്ക് പോയാണ് 'അശോകന്‍ ആലപ്പുഴ' ജീവിക്കുന്നത്. സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടും, കൂലിപ്പണി പൂര്‍ത്തിയായ ശേഷം മാത്രമാണ് അശോകന്‍ വീട്ടിലേക്ക് മടങ്ങിയത്.

അവാര്‍ഡ് പ്രഖ്യാപനം അശോകന്‍ അറിഞ്ഞില്ലായിരുന്നു. പണിക്ക് പോയപ്പോള്‍ ഫോണ്‍ എടുത്തിട്ടില്ലായിരുന്നു. നിരന്തരം വിളി വന്നപ്പോള്‍ മകന്‍ ഫോണുമായി പണിസ്ഥലത്തേക്ക് എത്തി. ഒന്നിനുപുറകെ ഒന്നായി അഭിനന്ദനങ്ങള്‍ വരുമ്പോഴും മോടി കൂട്ടുന്നൊരു വീടിന്റെ തറയില്‍ പെയിന്റടിക്കുന്ന തിരക്കിലായിരുന്നു അശോകന്‍. ഒരു കയ്യില്‍ ബ്രഷും മറുകയ്യില്‍ ഫോണുമായി ഒരു സന്തോഷദിനത്തിന് നിറംപകരുന്ന തിരക്ക്. 

പതിനേഴാം വയസിലാണ് സൂചിയില്‍ നൂലുകോര്‍ക്കുന്ന ജീവിതം ചവിട്ടിത്തുടങ്ങിയത്. പറവൂരിലെ നിത ടെയ്്ലറിങ് ഷോപ്പില്‍നിന്ന് പതിയെ സിനിമയിലേക്ക്. ഇരുനൂറോളം സിനിമാസെറ്റുകളില്‍ താരങ്ങളുടെ അളവെടുത്ത് ഉടുതുണി തുന്നി. പന്ത്രണ്ടു സിനിമകളില്‍ സ്വതന്ത്ര വസ്ത്രാലങ്കാരം ഒരുക്കി. വയനാട് പശ്ചാത്തലമായ കെഞ്ചിറയിലെ വേഷവിധാനത്തിനാണ് പുരസ്കാരം.