സൈബർ ബുള്ളിയിങ്ങിന്റെ ഇര; എന്നിട്ടും അങ്ങനെ ചിന്തിച്ച സാന്ദ്രയോട് ബഹുമാനം; കൈലാസ് മേനോൻ

നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റ് പ്രത്യക്ഷപ്പെട്ടതിനെതിരെ രൂക്ഷമായി പ്രതികരിച്ച് സംഗീതസംവിധായകൻ കൈലാസ് മേനോൻ. കഴിഞ്ഞ ദിവസം സാന്ദ്ര തന്റെ ഇരട്ടക്കുട്ടികൾക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഒരാൾ അശ്ലീല കമന്റിട്ടത്. അയാളുടെ പേരും ചിത്രവും മറച്ചുള്ള സ്ക്രീൻഷോട്ട് ഉൾപ്പെടെ കൈലാസ് മേനോൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സാക്ഷരതയും സാമാന്യ വിവേകവും തമ്മിൽ ഏറെ അന്തരമുണ്ടെന്ന് ചില കമന്റുകൾ വായിച്ചാൽ മനസ്സിലാകുമെന്ന് അദ്ദേഹം കുറിച്ചു. ഈ ഗുരുതരമായ പ്രവൃത്തിയോട് സാന്ദ്ര തോമസ് പുലർത്തിയ സമീപനമെന്താണെന്നും കൈലാസ് മേനോന്‍ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 

കൈലാസ് മേനോന്റെ സമൂഹമാധ്യമ കുറിപ്പ്:

‘സോഷ്യൽ മീഡിയയിൽ സ്ത്രീകളോട് ഇത്ര മോശമായി പെരുമാറുന്ന മറ്റൊരു ജനതയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലയാളത്തിലെ ഓൺലൈൻ ന്യൂസുകളുടെ താഴെ വരുന്ന കമന്റ്സ് വായിച്ചാൽ അറിയാം 93.91% സാക്ഷരതയും സാമാന്യ വിവേകവും തമ്മിൽ വല്യ അന്തരമുണ്ടെന്ന്.

സാന്ദ്ര തോമസ് തന്റെ 2 വയസ്സുള്ള ഇരട്ടക്കുട്ടികളെ കിണറ്റിൻ കരയിൽ നിർത്തി തലയിൽ വെള്ളമൊഴിക്കുന്ന വിഡിയോയെ പറ്റി വന്ന ഒരു വാർത്തയുടെ താഴെയാണ് കമന്റ് വന്നത്. ഈ കമന്റ് എന്നെ ആദ്യം കാണിച്ചപ്പോൾ ഞാൻ സാന്ദ്രയോടു പറഞ്ഞത് പേര് മറയ്ക്കാതെ കമന്റിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു ഇതിനെതിരെ പ്രതികരിക്കണം എന്നാണ്. അതിലും കുറഞ്ഞ ശിക്ഷ ഇയാൾ അർഹിക്കുന്നില്ല.

എങ്കിലും സാന്ദ്ര ചെയ്തത് മറിച്ചാണ്. കമന്റ് ഇട്ടയാൾക്ക് അയച്ച പേർസണൽ മെസ്സേജ് ഇതിൽ കാണാൻ കഴിയും. അയാൾക്ക് ഒരു കുടുംബമില്ലേ, ഒരു മകൾ ഇല്ലേ, അവർ ഇത് കാണുമ്പോൾ ഉള്ള അവസ്ഥയെന്താകും, ഭർത്താവിനെയും അച്ഛനെയും ഓർത്തുണ്ടാവുന്ന നാണക്കേട് എത്രയാവും, അത് ഓർത്തു മാത്രം അങ്ങനെ ചെയ്യണ്ട, പകരം പേർസണൽ മെസ്സേജ് അയക്കാം, അത് കണ്ട് അയാൾക്ക് ചെയ്ത തെറ്റ് മനസ്സിലാക്കി തിരുത്തണേൽ തിരുത്തട്ടെ എന്ന്. പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. അങ്ങനെ ചിന്തിക്കാൻ തോന്നിയതിൽ സാന്ദ്രയോടു ബഹുമാനവും തോന്നി. 

എങ്കിലും പേരും ഫോട്ടോയും മറച്ചു വച്ച് ഇത് പോസ്റ്റ് ചെയ്യാൻ കാരണം സൈബർ ബുള്ളിയിങ് വേറെ തലങ്ങളിൽ എത്തി നിൽക്കുന്നു എന്ന തോന്നൽ കൊണ്ടാണ്. ആരോടും എന്തും പറയാം എന്ന ഈ പ്രവണതയ്ക്ക് എതിരെ ശബ്‌ദിച്ചേ തീരൂ. കുറച്ചു പേരെങ്കിലും ഈ പോസ്റ്റ് കണ്ട് ഭാവിയിൽ ഇത്തരം പ്രവർത്തികൾ ചെയ്യാതിരിക്കുന്നുവെങ്കിൽ നല്ലത് എന്ന് കരുതിയാണ്. ഇത്തരം കമന്റുകൾ ഇടുന്നവർ ഓർക്കേണ്ട ഒരു കാര്യം, എല്ലാവരും ഒരുപക്ഷേ ഇത്ര മൃദുവായ സമീപനം എടുത്തുവെന്നു വരില്ല. നിങ്ങൾക്ക് ഭാഗ്യമുണ്ടേൽ വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പിൽ ഫേമസ് ആവാം’.