സുശാന്തിന്റെ മരണം; റിയയ്ക്കായുള്ള അന്വേഷണം ഊർജിതം; ഫോൺ ട്രാക്ക് ചെയ്യും

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്‍പുത്തിന്‍റെ മരണത്തില്‍ കാമുകി റിയ ചക്രവര്‍ത്തിക്കാകിയ തിരച്ചില്‍ ഊര്‍ജിതമാക്കി ബിഹാര്‍ പൊലീസ്. ഫോണ്‍ ട്രാക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ബിഹാറില്‍ റജിസ്റ്റര്‍ ചെയ‍്‍ത കേസ് മുംബൈയിലേക്ക് മാറ്റണമെന്ന റിയയയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നടപടി. കേസില്‍ എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വിവരശേഖരണം തുടരുകയാണ്.

പട്‌ന പൊലീസ് റജിസ്റ്റര്‍ ചെയ്‍ത കേസ് മുംബൈയിലേക്ക് മാറ്റണമെന്ന റിയ ചക്രവര്‍ത്തിയുടെ ഹര്‍ജി ബുധനാഴ്ച്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണെങ്കിലും അന്വേഷണം ഊര്‍ജിതമാക്കുകയാണ് ബിഹാര്‍ പൊലീസ്. റിയയെ ഉടന്‍ ചോദ്യം ചെയ്യാനാണ് ബിഹാര്‍ പൊലീസിന്‍റെ  ശ്രമം. റിയക്കായി ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നായിരുന്നു വിവരമെങ്കിലും അത്തരം നടപടികളുണ്ടാകില്ല എന്നാണ് സൂചന. സുപ്രീംകോടതി വിധിയിലൂടെ കേസിന്‍റെ അന്വേഷണം സംബന്ധിച്ച് വ്യക്തതവന്നശേഷം കടുത്ത നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് തീരുമാനം. എന്നാല്‍ മുംബൈയിലുള്ള ബിഹാര്‍ പൊലീസ് സംഘം സ്വന്തംനിലയില്‍ അന്വേഷണം തുടരുകയാണ്. 

ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകരില്‍നിന്ന് മൊഴിയെടുക്കുന്നുണ്ട്. സുശാന്തിന്‍റെ വീട്ടിലെ പാചകക്കാരനില്‍നിന്നും സുരക്ഷാജീവനക്കാരനില്‍നിന്നും മൊഴിയെടുത്തു. എന്നാല്‍ നടന്‍റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറാന്‍ മുംബൈ പൊലീസ് ഇതുവരെ തയാറായിട്ടില്ല. സുശാന്തും റിയയുമായി നടന്നുവെന്ന് ആരോപിക്കപ്പെടുന്ന അസ്വഭാവിക പണമിടപാടുകളില്‍ ഇഡിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. നാല് കോടിയിലധികമുണ്ടായിരുന്ന സുശാന്തിന്‍റെ ബാങ്ക് ബാലന്‍സ് തൊണ്ണൂറ് ദിവസം കൊണ്ട് ഒരുകോടിയായി കുറഞ്ഞുവെന്നാണ് പുതിയ ആരോപണം, സുശാന്തും റിയയും സഹോദരനും സംയുക്തമായി രൂപീകരിച്ച കമ്പനിയില്‍നിന്ന് പതിനഞ്ച് കോടി രൂപ വകമാറ്റിയതായും പരാതിയുണ്ട്.