വീരന്‍റെ മേലാകെ പരുക്ക്; ആ പണം ഇനി ഒരു പാവത്തിന്: അക്ഷയ് പറയുന്നു

വീട്ടിൽ വളർത്തുമൃഗങ്ങളുള്ളവരോട് ചോദിച്ചാൽ അറിയാം എത്രമാത്രം അവർക്ക് അവരെ ഇഷ്ടമാണെന്ന്. കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് അവർക്ക് വളർത്തുമൃഗങ്ങൾ. നടൻ അക്ഷയിയും വളർത്തുനായ വീരനും തമ്മിലുള്ള സ്നേഹത്തിന്റെ കഥ സമൂഹമാധ്യമത്തിലൂടെയും അല്ലാതെയും അറിഞ്ഞിട്ടുള്ളതാണ്. അക്ഷയിയുടെ വീട്ടിലെ ഒരു അംഗം തന്നെയാണ് വീരൻ എന്ന നായക്കുട്ടി. കഴിഞ്ഞ 48 മണിക്കൂർ ഇരുവരെയും സംബന്ധിച്ച് അൽപം വേദന നിറഞ്ഞതായിരുന്നു. പുറത്തുപോയ വീരൻ തിരികെ എത്തിയില്ല. വീരനെ കണ്ടുകിട്ടുന്നവർക്ക് 20,000 രൂപ പാരിതോഷികം വരെ അക്ഷയ് പ്രഖ്യാപിച്ചു. ഇപ്പോഴിതാ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ വീരന് അക്ഷയിയുടെ അരികിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ഈ പുനസമാഗമത്തെക്കുറിച്ച് അക്ഷയ് മനോരമന്യൂസിനോട് പറയുന്നതിങ്ങനെ:

വീരനെ പകലൊന്നും ചങ്ങലയിൽ ഞങ്ങൾ കെട്ടാറില്ല. വീടിന്റെ പരിസരങ്ങളിലും മറ്റും കറങ്ങിനടന്ന ശേഷം അവൻ തിരിച്ച് എത്താറാണ് പതിവ്. എവിടെപ്പോയാലും രാത്രി ആകുമ്പോഴേക്കും അവനിങ്ങ് എത്തും. എന്നാൽ രണ്ട് ദിവസം മുൻപ് രാത്രിയായിട്ടും വരാതെയായതോടെയാണ് ഞങ്ങൾക്ക് ടെൻഷനായത്. വീടിന്റെ പരിസരത്തുള്ളവർക്കെല്ലാം അവനെ അറിയാം. അവരാരും കാണാതെ എങ്ങും പോകാനുള്ള സാധ്യതയില്ലായിരുന്നു. അന്വേഷണങ്ങൾക്കൊടുവിലാണ് ആലുവയിലുള്ള ഒരു വർക്ക്ഷോപ്പിൽ നിന്നും അവനെ കണ്ടുകിട്ടുന്നത്. ഞാൻ ചെല്ലുമ്പോൾ അവശനിലയിലായിരുന്നു. ദേഹമാസകലം പരുക്കുണ്ടായിരുന്നു. ഒരു കൈ ഒടിഞ്ഞിരുന്നു. വണ്ടിയിടിച്ചതാണോ അതോ ആരെങ്കിലും കണ്ടിട്ട് ഇഷ്ടപ്പെട്ട് എടുത്തുകൊണ്ട് പോയതാണോയെന്ന് അറിയില്ല. പരുക്കേറ്റിട്ടായാലും അവനെ ജീവനോടെ കിട്ടിയതിൽ സന്തോഷമുണ്ട്. രണ്ട് വർഷം മുൻപ് ഇതേ ദിവസമാണ് വീരൻ ജനിച്ചത്. അവന്റെ രണ്ടാം പിറന്നാളിന്റെ അന്ന് തന്നെ തിരികെ കിട്ടിയത് നിയോഗമായിരിക്കും.

പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ നായ്ക്കുട്ടിയാണ് വീരൻ. അന്ന് ഞാൻ അവനെ ദത്തെടുക്കുകയായിരുന്നു. അതിനുശേഷം ഇന്നുവരെ ഞങ്ങൾ പിരിഞ്ഞ് ഇരുന്നിട്ടില്ല. ഞാൻ എവിടെപ്പോയാലും അവനെ ഒപ്പം കൂട്ടും. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് ലഡാക്കിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. ബംഗളൂർ എത്തിയപ്പോഴാണ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. പിന്നീട് ഒരു മാസം വയനാട്ടിൽ കുടുങ്ങിപ്പോയി. ഒന്നരമാസത്തിന് ശേഷമാണ് നാട്ടിലെത്തുന്നത്. എല്ലാവരോടും സ്നേഹമുള്ള നായക്കുട്ടിയാണ് വീരൻ. അന്ന് ഒരു വേദിയിൽ വീരനെ കയറ്റിയതിനെത്തുടർന്ന് വിവാദമുണ്ടായതിന് ശേഷം അവന് പ്രത്യേകം ക്ഷണം കിട്ടുന്ന വേദികളിലേക്ക് മാത്രമേ കൊണ്ടുപോകാറുള്ളൂ. 

വീരനെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് 20,000 രൂപ പ്രഖ്യാപിച്ചിരുന്നു. എന്റെ സുഹൃത്തുകളാണ് അവനെ കണ്ടെത്തിയത്. ആ തുക അവർ വേണ്ടെന്ന് പറഞ്ഞു. ഏതായാലും വീരനുവേണ്ടി പ്രഖ്യാപിച്ച തുകയാണത്. അതിനാൽ ഞങ്ങളെല്ലാവരും ചേർന്ന് തുക നിർധനനായ ഒരാളുടെ ഒപ്പറേഷന് വേണ്ട ഫണ്ടിലേക്ക് സംഭാവന ചെയ്യാനാണ് തീരുമാനം.