മമ്മൂട്ടിയുടെ ജി.കെ; ന്യൂഡൽഹി രണ്ടാംഭാഗം വരുമോ; വാര്‍ത്തയിൽ സംഭവിച്ചത്

തകര്‍ച്ചയില്‍ നിന്ന് മമ്മൂട്ടിയെ മെഗാസ്റ്റാര്‍ പദവിയിലേക്ക് അതിവേഗം ഉയര്‍ത്തിയ ചിത്രമായിരുന്നു ജോഷിയുടെ സംവിധാനത്തിൽ 1987ൽ പുറത്തിറങ്ങിയ ന്യൂ ഡൽഹി എന്ന സിനിമ. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ എത്തിയ ചിത്രം അന്ന് തിയറ്റർ ഇളക്കിമറിച്ച് നേടിയത് ചരിത്രവിജയവും. ഇപ്പോൾ ഈ സിനിമയ്ക്കൊരു രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് 'ന്യൂഡൽഹി'യെ വീണ്ടും വാര്‍ത്തകളിൽ നിറയ്ക്കുന്നത്.

ആദ്യ ഭാഗത്തിന് കാമറ ചലിപ്പിച്ച ജയാനൻ വിൻസെന്റിന്റെ സംവിധാനത്തിൽ രണ്ടാം ഭാഗം ഒരുങ്ങുന്നു ഉടനെത്തും എന്നായിരുന്നു റിപ്പോർട്ടുകൾ. സംവിധായകൻ എം.എ നിഷാദിന്റെ ഫെയ്സ്ബുക്ക് കുറിപ്പാണ് ഈ വാര്‍ത്തകൾക്ക് അടിസ്ഥനമായത്. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് യാതൊരു അറിവും തനിക്കില്ലെന്ന് തിരക്കഥകൃത്ത് ഡെന്നീസ് ജോസഫ് മനോരമ ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. 

‘ന്യൂഡൽഹി ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യണമെന്ന് ജയാനന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. 15 വർഷങ്ങൾക്ക് മുൻപ് തന്നെ ജയാനൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിന് പറ്റിയ കഥ തന്റെ കൈവശം ഇല്ലെന്ന് ഞാൻ അന്നേ വ്യക്തമാക്കിയതാണ്. വിൻസെന്റ് മാഷിനേപ്പോലെ പ്രതിഭാശാലിയുടെ മകൻ മികച്ചൊരു കഥയുമായി വരണമെന്നാണ് എന്റെ ആഗ്രഹം’ ഡെന്നീസ് പറയുന്നു.

കാനഡയിൽ സ്ഥിര താമസമാക്കിയ ജയാനനുമായി 'ന്യൂഡൽഹി'യെ പറ്റി അടുത്തക്കാലത്തൊന്നും സംസാരിച്ചിട്ടില്ല. ഒന്നാം ഭാഗത്തിന്റെ നിർമാതാവ് ജോയ് തോമസിനും ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റി ധാരണയിലെന്നും ഡെന്നീസ് ജോസഫ് വ്യക്തമാക്കി. ജയാനൻ വിൻസെന്റും, ഡെന്നീസ് ജോസഫുമായിയുള്ള ഓർമ്മക്കുറിപ്പ് സംവിധായകൻ എം.എ നിഷാദ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. 

'മമ്മൂട്ടിയെ നായകനാക്കി ന്യൂഡൽഹിയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനുളള തയാറെടുപ്പിലാണ് അദ്ദേഹം എന്നറിഞ്ഞപ്പോൾ, ഒരുപാട് സന്തോഷം തോന്നി. മലയാളിക്ക് മറക്കാനാവാത്ത ദൃശ്യവിരുന്നായിരിക്കും അത്. ഒരു സംശയവുമില്ല. കാരണം, ജയാനൻ വിൻസെന്റ്റ് പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണ്.' തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ ഈ വാചകമാണ് രണ്ടാം ഭാഗത്തെ പറ്റിയുള്ള വാർത്തകൾ പിന്നിലെന്നും എം. എ നിഷാദ് മനോരമ ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തന്നോടുള്ള ഒരു സ്വകാര്യ സംഭാഷണത്തിലാണ് ജയാനൻ ചിത്രത്തിന്റെ പണിപ്പുരയിലാണന്ന് പറഞ്ഞത്. ഇതിനപ്പുറം മറ്റൊന്നുമില്ലെന്നും നിഷാദും വ്യക്തമാക്കുന്നു.

മമ്മൂട്ടി എന്ന നടന്‍റെ എക്കാലെത്തെയും മികച്ച ‘അവതാരമായ’ ജി കൃഷ്ണമൂര്‍ത്തിയെ വീണ്ടും കാണാൻ പ്രേക്ഷകർ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ഈ പ്രതികരണങ്ങൾ എല്ലാം സുചിപ്പിക്കുന്നത്.