ടിക്കറ്റ് നിരക്കിൽ വർധന; വ്യവസായത്തിന്റെ നടുവൊടിക്കുമെന്ന് സിനിമാമേഖല

സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്കിൽ വർധന. ജി.എസ്.ടിക്ക് പുറമെ വിനോദനികുതി ചുമത്തി സംസ്ഥാന സർക്കാർ ഉത്തരവ് നിലവിൽവന്നതോടെ  പുതുക്കിയ ടിക്കറ്റ് നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം നിരക്കുവർധന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും വ്യവസായത്തിന്റെ നടുവൊടിക്കുമെന്നും സിനിമാമേഖല.

നൂറുരൂപയിൽ കുറവുള്ള സിനിമ ടിക്കറ്റുകൾക്ക് 5ശതമാനവും കൂടുതലുള്ളതിന് 8.5 ശതമാനവും നികുതി നൽകണം. ഈ നിരക്കിനുമുകളിൽ യഥാക്രമം 12ഉം 18ഉം ശതമാനം ജി.എസ.ടി കൂടി കണക്കാക്കിയുള്ള ടിക്കറ്റ് വർധയാണ് നിലവിൽ വന്നത്. അതായത് ഓരോ  പ്രേക്ഷകനും ഇരട്ടനികുതി നൽകണമെന്ന് ചുരുക്കം.2018ലെ ബജറ്റിൽതന്നെ സിനിമ ടിക്കറ്റുകൾക്ക്  ധനമന്ത്രി തോമസ് ഐസക് പത്ത് ശതമാനം വിനോദനികുതി ഏർപ്പെടുത്തിയിരുന്നു. 

ഇതിനെതിരെ സിനിമ സംഘടനകൾ ഹൈക്കോടതിയിൽ കേസ് നൽകുകയും പിന്നീടുണ്ടായ ചർച്ചയിൽ തീരുമാനം സർക്കാർ മരവിപ്പിക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായാണ് കഴിഞ്ഞ 31ന് വിനോദനികുതി പുതുക്കി പുന:സ്ഥാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. നേരത്തെ മുഖ്യമന്ത്രിയെവരെ നേരിൽക്കണ്ട് ഇരട്ടനികുതി പാടില്ലെന്ന് സിനിമാസംഘടനകൾ അഭ്യർഥിച്ചിരുന്നുവെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ടിക്കറ്റ് നിരക്ക് വർധന പ്രേക്ഷകരെ തിയറ്ററുകളിൽ നിന്നകറ്റുമെന്നും വ്യവസായം നഷ്ടത്തിലേക്ക് പോകുമെന്നുമുള്ള ആരോപണം സിനിമാ സംഘടനകൾ ആവർത്തിക്കുന്നു. കേസ് കോടതിയിൽ നിലനിൽക്കുന്നതിനാൽ സമരപരിപാടികൾ അടക്കം ആലോചിച്ച് തീരുമാനിക്കിനാണ് സംഘടനകളുടെ തീരുമാനം.