2019ലെ മികച്ച 10 ഇന്ത്യന്‍ ചിത്രങ്ങള്‍; ഒന്നാമത് ‘പേരന്‍പ്’; ലൂസിഫറും പട്ടികയില്‍

2019ലെ മികച്ച 10 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഐഎംഡിബി (ഇന്റർനെറ്റ് മൂവി ഡേറ്റാബേസ്). ആസ്വാദകർ നൽകിയ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ അവിസ്മരണീയ പ്രകടനത്തിലൂടെ ശ്രദ്ധേയമായ റാം സംവിധാനം ചെയ്ത പേരൻപ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ മാസ് ചിത്രം ലൂസിഫർ ആണ് പട്ടികയിലുള്ള ഏക മലയാള ചിത്രം. പത്താമതാണ് ലൂസിഫര്‍. ഏഴ് ബോളിവുഡ് ചിത്രങ്ങളാണ് പട്ടികയിലുള്ളത്. 

9.2 റേറ്റിങ്ങോടെയാണ് പേരൻപ് തലയുയർത്തി പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഷാങ്‌ഹായ് അന്താരാഷ്ട്ര മേളയിലുമുൾപ്പെടെ നിരൂപകപ്രശംസ ഏറ്റുവാങ്ങിയ ചിത്രം നിരവധി അവാർഡുകളും നേടി. മമ്മൂട്ടി, സാധന, അഞ്ജലി അമീർ എന്നിവരുടെ പ്രകടനം ചിത്രത്തെ മികവുറ്റതാക്കി. 

2. ഉറി

2016ല്‍ ഇന്ത്യൻ സൈന്യം ഉറിയില്‍ നടത്തിയ മിന്നലാക്രമണം പ്രമേയമാക്കി ഒരുക്കിയ ഹിന്ദി ചിത്രം. ആദിത്യ ധര്‍ ആദ്യമായി സംവിധാനം ചെയ്ത് വിക്കി കൗശൽ നായകനായെത്തി. 2019 മാർച്ച് വരെയുള്ള കണക്കനുസരിച്ച് ബോക്സ് ഓഫീസ് കളക്ഷനിൽ പത്താം സ്ഥാനത്തുണ്ട് ഉറി. 8.4 ആണ് ഐഎംഡിബി റേറ്റിങ്. 

3. ഗല്ലി ബോയ്

മുംബൈയിലെ ചേരിയിൽ ജനിച്ചുവളർന്ന മുറാദ് എന്ന റാപ്പറായി രൺവീർ സിങ് അമ്പരപ്പിച്ച ചിത്രം. ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം. സോയാ അക്തർ സംവിധാനം ചെയ്ത ചിത്രത്തിൽ ആലിയ ഭട്ട്, വിജയ് റാസ്, കൽകി കൊച്‌ലിൻ എന്നിവരും പ്രധാനവേഷത്തിലെത്തി. 8.2 ആണ് ഐഎംഡിബി റേറ്റിങ്.

4. ആർട്ടിക്കിൾ 15 

ഇന്ത്യൻ ജനാധിപത്യത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതി യാഥാർഥ്യത്തെ തുറന്നുകാണിച്ച രാഷ്ട്രീയചിത്രം. അനുഭവ് സിൻഹ സംവിധാനം ചെയ്ത ചിത്രത്തിൽ അയൻ രഞ്ജൻ എന്ന ഐപിഎസ് ഉദ്യോഗസ്ഥനെയാണ് ആയുഷ്മാൻ ഖുറാന അവതരിപ്പിച്ചത്. 8.2 ആണ് ഐഎംബിഡി റേറ്റിങ്. 

5. ചിച്ചോർ

ഏഴ് സുഹൃത്തുക്കളുടെ ജീവിതം പറഞ്ഞെത്തിയ രസകരമായ ചിത്രമാണ് ചിച്ചോർ. സുശാന്ത് സിങ് രജ്പുത്, ശ്രദ്ധ കപൂർ, വരുൺ ശർമ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി. ഐഎംഡിബി റേറ്റിങ് – 8.2

6. സൂപ്പർ 30

ഒരിടവേളക്ക് ശേഷം ഹൃത്വിക് റോഷൻ ബോളിവുഡിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു സൂപ്പർ 30. ഗണിത ശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതം പറഞ്ഞ ചിത്രത്തിനുവേണ്ടി ഹൃത്വിക് വലിയ മേക്ക് ഓവർ തന്നെ നടത്തിയിരുന്നു. 8.1 ആണ് ചിത്രത്തിന്റെ റേറ്റിങ്. 

പിങ്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അമിതാഭ് ബച്ചനും തപ്സി പന്നുവും ഒന്നിച്ചെത്തിയ ബോളിവുഡ് ചിത്രമാണ് ബദ്‌ല. 2017ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം 'ദ ഇൻവിസിബിൾ ഗസ്റ്റ്' ആണ് ബദ്‌ലക്കാധാരം. 7.9 റേറ്റിങ്ങോടെ ബദ്‌ലയാണ് പട്ടികയിൽ ഏഴാം സ്ഥാനത്ത്. 

ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തെ ആസ്പദമാക്കി ഒരുക്കിയ വിവാദചിത്രം ദ താഷ്കെന്റെ ഫയൽസ് ആണ് പട്ടികയിൽ എട്ടാം സ്ഥാനത്ത്. അക്ഷയ് കുമാർ നായകനായെത്തിയ കേസരി 7.4 റേറ്റിങ്ങോടെ ഒൻപതാം സ്ഥാനത്തുണ്ട്. 

ലൂസിഫര്‍ ആണ് പട്ടികയിലെ ഏക മലയാളചിത്രം. 7.5 ആണ് ചിത്രത്തിന്റെ റേറ്റിങ്.