ധ്രുവ സർജയ്‌ക്കും ഭാര്യക്കും കോവിഡ്; മേഘ്ന സുരക്ഷിതയല്ലേയെന്ന് ആരാധകർ

കന്നഡ നടൻ ധ്രുവ സർജയ്‌ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് സ്ഥിരീകരിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ ധ്രുവ് തന്നെയാണ് ഈ വിവരം അറിയിച്ചത്. തങ്ങളോട് അടുത്ത് ഇടപഴകിയവരോട് കോവിഡ് പരിശോധന നടത്താൻ താരം സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. അന്തരിച്ച കന്നഡ ചലച്ചിത്രാ താരം ചിരഞ്ജീവി സർജയുടെ സഹോദരനാണ് ധ്രുവ്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ധ്രുവ് ബംഗലൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചു.

‘എനിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ ഞങ്ങൾ ആശുപത്രിയിൽ പ്രവേശിക്കാൻ തീരുമാനിച്ചു. ഞങ്ങൾ സുഖം പ്രാപിക്കുമെന്നും എല്ലാം ശരിയാകുമെന്നും എനിക്ക് ഉറപ്പുണ്ട്! ഞങ്ങളുമായി അടുത്തിടപഴകിയവരെല്ലാം സ്വയം പരിശോധിച്ച് സുരക്ഷിതരായി തുടരുക.’–ധ്രുവ് ട്വീറ്റ് ചെയ്തു.

നടൻ അർജുൻ സർജയുടെ അനന്തരവനാണ് ധ്രുവ. ജൂൺ ഏഴിനാണ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. ചിരുവിന്റെ ഭാര്യയും നടിയുമായ മേഘ്ന സുഖമായി ഇരിക്കുന്നോ എന്നാണ് ധ്രുവിന്റെ ട്വീറ്റിനു താഴെ ആരാധകർ കമന്റ് ചെയ്യുന്നത്. നടി ഗർഭിണിയാണ് എന്നുള്ളതും ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു. 

ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ചിരുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.