വിധുവിന്റെ വിഷമം മനസ്സിലാകും; സംഘടന വിട്ടുപോകുമെന്ന് കരുതുന്നില്ല: റിമ

ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ട് വിധു വിൻസന്റ് വിഷയത്തിൽ പ്രതികരിച്ച് നടി റീമ കല്ലിങ്കൽ. ട്രൂ കോപ്പി തിങ്ക് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റിമയുടെ പ്രതികരണം. വിധു വിൻസന്റ് സഹോദരിയെപ്പോലെയാണെന്നും പോയാൽ പൊട്ടെ എന്നു വിചാരിക്കാൻ പറ്റുന്ന വ്യക്തിത്വമല്ലെന്നും റീമ പറയുന്നു. അവരുടെ വാക്കുകൾ ഇങ്ങനെ: 

‘വിധുവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. അഞ്ജലിയാണെങ്കിലും പാര്‍വ്വതിയാണെങ്കിലും എല്ലാവരും വിധുവിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. നിരന്തരം. പോയാല്‍ പൊക്കോട്ടേയെന്ന് വിചാരിക്കാന്‍ പറ്റുന്നയാളല്ല വിധു. ഞങ്ങള്‍ക്ക് അത്രയും ഇംബോര്‍ട്ടന്റായിരുന്നു ആ സിസ്റ്റര്‍ഹുഡ്. നമ്മള്‍ ഒരിക്കലും എക്‌സ്പീരിയന്‍സ് ചെയ്യാത്ത ഒരു സിസ്റ്റര്‍ഹുഡായിരുന്നു അത്. അത് ബ്രേക്ക് ചെയ്യുന്നതിലാണ് എനിക്ക് വിഷമം. വ്യക്തിയല്ല സംഘടന എന്ന് പറയുമ്പോഴും ഇതെനിക്ക് പേഴ്സണലുമാണ്. വിധു രാജി അയച്ച സമയത്ത് ഞാൻ വിളിച്ച് സംസാരിച്ചിട്ടുണ്ട്, ഇനിയും സംസാരിക്കും. 

ഞാൻ ഒരിക്കലും കരുതുന്നില്ല, വിധുവിന് ഒരു വ്യക്തിയെന്ന നിലയ്ക്ക് സ്ത്രീയെന്ന നിലയ്ക്ക്, ഫെമിനിസ്റ്റ് എന്ന നിലയ്ക്കും ഡബ്ല്യുസിസി വിട്ട് പോകാൻ പറ്റും എന്ന്. ഡബ്ല്യുസിസിയെ ബിൽഡ് ചെയ്തതിൽ വിധുവിന്റെ കോൺട്രിബ്യൂഷൻ ഒരിക്കലും മായ്ച് കളയാൻ പറ്റില്ല. ആഴത്തിലുള്ള വേദനയുടേതായ ഒരു പരിസരത്തുനിന്നു കൂടിയാണ് വിധു ഇപ്പോൾ സംസാരിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.’ ദീര്‍ഘമായ അഭിമുഖത്തില്‍ റിമ പറയുന്നു. 

4 വർഷമായിട്ടും 50 പേർ മാത്രമേ സംഘടനയിൽ അംഗങ്ങളായുള്ളുവല്ലോ എന്ന ചോദ്യത്തിന് ആളെക്കൂട്ടുക എന്നത് തങ്ങളുടെ അജണ്ട ആയിരുന്നില്ലെന്നും റിമ പറയുന്നു.  വിധുവിന്റെ ആരോപണങ്ങളോട് റിമയുടെ പ്രതികരണം ഇങ്ങനെ: പാർവതിയും സിദ്ദിഖും ഒരുമിച്ച് അഭിനയിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല. പാർവതിയോടും പറഞ്ഞിട്ടില്ല, വിധുവിനോടും പറഞ്ഞിട്ടില്ല. ഒരിക്കലും ഡബ്ല്യുസിസി അങ്ങനെ പറയുകയും ഇല്ല. വരിസംഖ്യയോ മെമ്പര്‍ഷിപ്പ് ഫീയോ ഒന്നുമില്ലാത്ത ഒരു കലക്ടീവ് മാത്രമാണ് ഇത്– റിമപറയുന്നു.