'വാഗൺ ട്രാജഡി' വെള്ളിത്തിരയിലേക്ക്; ചിത്രീകരണം അടുത്തമാസം

മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് സിനിമാവിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ സ്വാതന്ത്ര സമര ചരിത്രത്തിലെ കറുത്ത ഏടായ വാഗണ്‍ ട്രാജ‍ഡിയും വെള്ളിത്തിരയിലേക്ക്. പട്ടാളം, ഒരുവന്‍ എന്നീ സിനിമകള്‍ക്ക് തിരക്കഥയെഴുതിയ റെജി നായരാണ് ചിത്രം സംവിധാനം ചെയ്യുക. സിനിമയുടെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. 

വാഗണ്‍ ട്രാജടി – ദ് ബ്ലാക്ക് ഹിസ്റ്ററി എന്ന പേരിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം വെള്ളിത്തിരയിലെത്തുക. ചരിത്രം പറയുന്നതിനപ്പുറം മരണമുഖത്തെ മനുഷ്യന്റെ നിസഹായവസ്ഥയാകും ചിത്രം കൈകാര്യം ചെയ്യുക. ഒരു വര്‍ഷം മുമ്പ് സിനിയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. അന്നുമുതല്‍ ചിത്രത്തിന്റെ പ്രമേയമറിയാന്‍ നിരവധി പേര്‍ ബന്ധപ്പെട്ടിരുന്നതായി സംവിധായകന്‍ വെളിപ്പെടുത്തി. വാരിയംകുന്നന്‍ എന്ന പ്രഥ്വിരാജ് – ആഷിഖ് അബു ചിത്രത്തിന് സംഭവിക്കുന്നത് സംഘടിതമായ ആക്രമണമാണെന്നും ഇത്തരം സിനിമകളെ ചരിത്രബോധത്തോടുകൂടി സമീപിക്കണമെന്നും സംവിധായകന്‍ പറഞ്ഞു. 

മമ്മൂട്ടി നായകനായ പട്ടാളം, പ്രഥ്വിരാജ് – ഇന്ദ്രജിത്ത് ചിത്രമായ ഒരുവന്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്തും ശാരദ നായികയായെത്തിയ കലികാലം എന്ന സിനിമയുടെ സംവിധായകനുമാണ് റെജി നായര്‍.