ഇത് കാടത്തം; പൊലീസെന്തിന് കാത്തിരിക്കുന്നു; പൊളിക്കലിനെതിരെ ഷാഫി പറമ്പിൽ; പിന്തുണ

ടൊവീനോ തോമസ് നായകനാകുന്ന ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയുടെ സെറ്റ് ബജ്റംജദൾ പ്രവർത്തകർ പൊളിച്ചതിനെതിരെ പ്രതിഷേധം കടുക്കുന്നു. സിനിമാപ്രവർത്തകർ മിന്നൽ മുരളിയുടെ അണിയറ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തി. ഇപ്പോഴിതാ സംഭത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയും എത്തിയിരിക്കുകയാണ്. സംഭവത്തിൽ തെറ്റുാകാരായവരെ നിയമനത്തിന് മുമ്പിൽ എത്തിക്കണമെന്ന് കേരള പൊലീസിനോട് ഷാഫി ആവശ്യപ്പെടുന്നു. ഫെയ്സ്പൂക്ക് പോസിറ്റിലൂടെയാണ് പ്രതികരണം. 

'ഉത്തരവാദിത്വം ഏറ്റെടുത്തും ഈ കാടത്തത്തിന് നേതൃത്വം നൽകിയവനെ പ്രകീർത്തിച്ചും പോസ്റ്റിടാനുള്ള പ്രചോദനം എന്താണെന്ന് ആഭ്യന്തര വകുപ്പ് ആലോചിക്കണം .ഇന്നലെ പോസ്റ്റിട്ടിട്ടും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസ് എന്തിനാണ് കാത്തിരിക്കുന്നത് ?.കേരളം ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറി പ്രസംഗിക്കുന്ന വേദിക്കരികിൽ ബോംബ് പൊട്ടിച്ചിട്ടും ഇന്ന് വരെ ആരെയും അറസ്റ്റ്‌ ചെയ്തിട്ടില്ല . പിന്നെയല്ലേ സിനിമാ സെറ്റ് എന്ന് ഇവർക്ക് തോന്നാതിരിക്കാനുള്ള ഉത്തരവാദിത്വം പോലീസിനുണ്ട്.' ഷാഫി കുറിക്കുന്നു

ഷാഫി പറമ്പിലിന്റെ കുറിപ്പ്: 

ഒരു സിനിമാ സെറ്റിനോടും പോലും തോന്നുന്ന അസഹിഷ്ണുത അവരുടെ മനസ്സിൽ കുത്തി നിറച്ചവർ ആഗ്രഹിക്കുന്നത് തന്നെയാണവർ ചെയ്യുന്നതും .

കേരളീയ പൊതുസമൂഹത്തിന്റെ അംഗീകാരം ഇത്തരം കാര്യങ്ങൾക്ക് ഒട്ടും ലഭിക്കില്ല എന്നറിഞ്ഞിട്ടും ബജ്‌റംഗ് ദൾ ഇത് നവമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശവും വ്യക്തമാണ് .

ഇത്തരം ചിന്തകൾ ഒരാളിലെങ്കിലും ഉണ്ടെങ്കിൽ, ആ എരിതീയ്യിൽ എണ്ണയൊഴിക്കുക എന്നത് തന്നെയാണത് .സിനിമയുടെ സംവിധായകൻ പറയുന്നത് സെറ്റിടാനുള്ള അനുമതികളെല്ലാം ഉണ്ടായിരുന്നു എന്നാണ് . ഒരു കലാ സൃഷ്‌ടിക്ക് വേണ്ടിയുള്ള 2 വർഷത്തെ തയ്യാറെടുപ്പും അദ്ധ്വാനവും വിരലിലെണ്ണാവുന്നവരുടെ സങ്കുചിത ചിന്തകൾക്ക് മുന്നിൽ തകരുന്ന കാഴ്ച്ച കേരള മണ്ണിൽ അനുവദിക്കരുത്.

ഉത്തരവാദിത്വം ഏറ്റെടുത്തും ഈ കാടത്തത്തിന് നേതൃത്വം നൽകിയവനെ പ്രകീർത്തിച്ചും പോസ്റ്റിടാനുള്ള പ്രചോദനം എന്താണെന്ന് ആഭ്യന്തര വകുപ്പ് ആലോചിക്കണം .ഇന്നലെ പോസ്റ്റിട്ടിട്ടും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസ് എന്തിനാണ് കാത്തിരിക്കുന്നത് ?

കേരളം ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറി പ്രസംഗിക്കുന്ന വേദിക്കരികിൽ ബോംബ് പൊട്ടിച്ചിട്ടും ഇന്ന് വരെ ആരെയും അറസ്റ്റ്‌ ചെയ്തിട്ടില്ല . പിന്നെയല്ലേ സിനിമാ സെറ്റ് എന്ന് ഇവർക്ക് തോന്നാതിരിക്കാനുള്ള ഉത്തരവാദിത്വം പോലീസിനുണ്ട് .

വഴുക്കലിൽ വടി കുത്തിയ പോലെയാവരുത് ,മാതൃകാപരമായിരിക്കണം പോലീസിന്റെ നടപടി . ഇമ്മാതിരി അസഹിഷ്ണുത പ്രകടനത്തിനും വിദ്വേഷ പ്രചാരണത്തിനും തടയിടുന്ന വിധത്തിൽ പോലീസ് ശക്തമായി തന്നെ ആക്ട് ചെയ്യണം .മിന്നൽ മുരളി ടീമിന് എല്ലാ പിന്തുണയും യൂത്ത് കോൺഗ്രസ്സിന്റെ ഭാഗത്തു നിന്നുണ്ടാവും .