ജോർജ്കുട്ടിയും കുടുംബവും പിന്നീട് നേരിടേണ്ടി വരുന്ന ജീവിതം; പിന്നാലെ പൊലിസുകാരും: ജീത്തു പറയുന്നു

വളരെ അപ്രതീക്ഷിതമായാണ് ദൃശ്യം 2 വിന്റെ വരവ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് സംവിധായകൻ ജീത്തു ജോസഫ്. ക്രൈം ത്രില്ലർ എന്നൊന്നും പറയുന്നില്ല. ഏറെ പ്രതീക്ഷ നൽകാനൊന്നും താൽപര്യപ്പെടുന്നില്ലെന്നും ജീത്തു മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഐജിയുടെ മകൻ വരുൺ പ്രഭാകറിന്റെ മരണവുമായി ബന്ധപ്പെട്ട് തൊടുപുഴക്കാരൻ ജോർജ്കുട്ടിയും കുടുംബവും പിന്നീട് നേരിടേണ്ടി വരുന്ന സാഹചര്യങ്ങളിലൂടെയാണ് ദൃശ്യം 2 കടന്നുപോവുക. പൊലിസുകാരിലൂടെയും നാട്ടുകാരിലൂടെയുമാണ് പിന്നീട് കഥ മുന്നോട്ട് നീങ്ങുക. ഇതിൽ കൂടുതൽ പറയാനില്ലെന്നും ശേഷം തിയേറ്ററുകളിലെന്നും ജീത്തു പറയുന്നു.

ചിത്രത്തിന്റെ തിരക്കഥ ജോലികളൊക്കെ പൂർത്തിയായി. കോവിഡിനെ തുടർന്ന് സിനിമാമേഖലയിലുണ്ടായത് വലിയ പ്രതിസന്ധിയാണ്. എത്രയും വേഗം മേഖലയ്ക്ക് ഒരു അനക്കമുണ്ടാകേണ്ടത് അനിവാര്യമാണ്. സർക്കാർ അനുമതി നൽകിയാലുടൻ ദൃശ്യം 2 വിന്റെ ഷൂട്ടിംഗ് കോവിഡ് കരുതലുകളെല്ലാമെടുത്ത് ആരംഭിക്കുമെന്നും ജീത്തു പറയുന്നു.

ഒപ്പം സംവിധായകർക്ക് എന്നും പൂർണ സ്വാതന്ത്ര്യം നൽകുന്ന മഹാനടൻ മോഹൻലാലിന് ആയുരാരോഗ്യ സൗഖ്യങ്ങളുണ്ടാവട്ടെയെന്നും ജീത്തു ആശംസിച്ചു. ഈ 60ാം വയസിലും ലാലേട്ടന് മാത്രം സാധിക്കുന്ന ഒരുപാടൊരുപാട് കഥാപാത്രങ്ങളുണ്ട്. അതിനായി പ്രേക്ഷകർക്കൊപ്പം താനും കാത്തിരിക്കുന്നു.