കോവിഡ് സമ്മര്‍ദ്ദവും അതിജീവിക്കാം; മാനസീക പ്രയാസങ്ങളിൽ നിന്ന് മുക്തമാകാൻ യോഗ; പഠനം

കോവിഡ് ഭീഷണി ആളുകളിലുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദവും വലുതാണ്. എന്നാല്‍ തൊണ്ണൂറു മിനിറ്റു നീളുന്ന നിത്യേനയുള്ള യോഗ പരിശീലനത്തിലൂടെ കോവിഡ് ബാധ മൂലമുണ്ടാവുന്ന മാനസീക പ്രയാസങ്ങളിൽ നിന്ന് മുക്തമാകാമെന്ന് പഠനം തെളിയിക്കുന്നു. 

ലോകത്തെയാകെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന മഹാമാരി പല മനുഷ്യരിലും ബാക്കിയാകുന്നത് ജീവിത കാലം മുഴുവൻ നീണ്ടുനിൽക്കുന്ന മാനസീക വെല്ലുവിളികളാണ്. സിസോ ഫ്രേനിയ പോലെയുള്ള ഗുരുതര മാനസിക രോഗങ്ങളെ നിയന്ത്രിക്കാൻ യോഗയാണത്രെ നല്ല വഴി. ഓസ്‌ട്രേലിയയിലെ സർവകലാശാലയിൽ ഗവേഷകയും, എക്സർസൈസ് ഫിസിയോളോജിസ്റ്റുമായ ജെസിന്റ ബ്രിൻസ്‌ലേ ആണ് പഠനം നടത്തിയത്. മാനസീക പിരിമുറുക്കം കുറക്കാൻ ലഹരിക്കടിമപെട്ടവരും വിഷാദ രോഗലക്ഷണങ്ങളുമുള്ള  വിവിധ രാജ്യങ്ങളിലെ  പത്തൊൻപത് ആളുകളിൽ രണ്ടരമാസം നടത്തിയ  സർവേയിലാണ് യോഗയുടെ പ്രസക്തി കണ്ടെത്തിയത്. അമേരിക്ക, ഇന്ത്യ, ജപ്പാൻ, ചൈന, ജർമനി, സ്വീഡൻ എന്നീ രാജ്യങ്ങളിലെ സാംപിളുകളാണ് പഠനവിധേയമാക്കിയത്. ഇരുപത് മിനിറ്റു മുതൽ തൊണ്ണൂറു മിനിറ്റു വരെ നീളുന്ന യോഗ പരിശീലനം എന്നും ചെയ്യുന്നവരിൽ കോവിഡിനെ പ്രതിരോധിക്കാനുള്ള മാനസിക ശേഷിയുണ്ടാകുമെന്നാണ് കണ്ടെത്തൽ. ആശങ്ക,  ഭയം ഇതൊക്കെ മാറ്റാനാവും.

ശ്വസന ക്രിയകളും, യോഗാസനങ്ങളും ഉൾപ്പെടുത്തിയാണ് പരിശീലനം. ജിമ്മുകളും മറ്റു വ്യായാമ മുറകളും ചെയ്യാനാവാത്ത ഈ സമയത്ത് ബദൽ മാർഗമായി യോഗ തിരഞ്ഞെടുക്കാം എന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതാണ് ജെസിന്റയുടെ പഠനം.