രാമനാകാമെന്ന് മമ്മൂക്ക പറഞ്ഞു; മാലിനി പിറന്നത് ഇങ്ങനെ: അറിയാക്കഥകള്‍: അഭിമുഖം

മുഖത്തടിയുടെ സ്ത്രീവിരുദ്ധത മനോഹരമായ ചലച്ചിത്രഭാഷയിലൂടെ സംവദിച്ച ചിത്രമാണ് ഥപ്പട്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്തതിനെത്തുടർന്ന് സമൂഹമാധ്യമത്തിൽ ഥപ്പടിനെക്കുറിച്ചുള്ള ചർച്ചച്ചൂട് അടങ്ങിയിട്ടില്ല. ഭർത്താവിന്റെ ഒരൊറ്റ അടിയിൽ അത്രയും നാളത്തെ കാഴ്ചപ്പാടുകൾ തെറ്റായിരുന്നു എന്ന നായികാകഥാപാത്രത്തിന്റെ തിരിച്ചറിവാണ് ഥപ്പട്.

ഥപ്പട് പറഞ്ഞുവെച്ച ആശയം മൂന്ന് വർഷം മുൻപൊരു മെയ് 13ന് രഞ്ജിത്ത് ശങ്കർ കാണിച്ചുതന്നിട്ടുണ്ട്. രാമന്റെ ഏദൻതോട്ടം എന്ന മനോഹരമായ ചലച്ചിത്രകാവ്യത്തിലൂടെ. ഒരു അടിയുടെ കഥയാണ് ഥപ്പടിലെ അമ്മുവിന് പറയാനുള്ളതെങ്കിൽ ഒരുപാട് അടികളുടെ കഥയാണ് മാലിനി പറഞ്ഞത്. ഒടുവിൽ വിവേചനത്തിന്റെ മതിൽക്കെട്ടുകൾ തീർക്കാത്ത സ്വതന്ത്രമായ ലോകത്തിലേക്ക് മാലിന് കാറോടിച്ച് പോകുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ഥപ്പട് കാലത്ത് മാലിനിയെക്കുറിച്ചും രാമനെക്കുറിച്ചും അവരുടെ ഏദൻതോട്ടത്തെക്കുറിച്ചും സംവിധായകൻ മനസ് തുറക്കുന്നു.

രാമന്റെ ഏദൻതോട്ടം ഇറങ്ങിയ സമയത്ത് പലർക്കും അത് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. ഒരുപാട് പേർക്ക് ഇഷ്ടമായതുപോലെ തന്നെ ഇഷ്ടമാകാത്ത നിരവധി പേരുമുണ്ടായിരുന്നു. ഭർത്താവ് ഒന്ന് തല്ലിയാൽ വിവാഹമോചനം സ്വീകരിക്കണോ എന്ന മലയാളിയുടെ പൊതുബോധം തന്നെയായിരുന്നു അതിനുകാരണം. അതിനുശേഷം മറ്റു പല പ്ലാറ്റ്ഫോമുകളിലൂടെയും കണ്ടാണ് പലരും രാമന്റെ ഏദൻതോട്ടത്തെ ഇഷ്ടപ്പെട്ടത്. ആ പ്ലാറ്റ്ഫോമുകളിലൂടെ സിനിമ വീണ്ടും ജീവിക്കുന്നതിൽ സന്തോഷമുണ്ട്.  ഥപ്പട് ഏറെ ഇഷ്ടമായെങ്കിലും എനിക്ക് കുറച്ച് നിരാശ തോന്നി, മഞ്ജുവിനെവെച്ച് ഇത്തരമൊരു ചിത്രം ചെയ്യാനുള്ള പ്ലാനിലായിരുന്നു ഞാൻ. 

സംവിധായകനെന്ന നിലയിൽ എനിക്ക് ഒരുപാട് സംതൃപ്തി തന്ന ചിത്രമായിരുന്നു രാമന്റെ ഏദൻതോട്ടം. പുണ്യാളൻ അഗർബത്തീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഈ ആശയം മനസിലുണ്ടായിരുന്നു. ബിജിബാലിനോട് ഇതേ കുറിച്ച് സംസാരിച്ചപ്പോൾ ഉടൻ തന്നെ അത് ചെയ്യാൻ പറഞ്ഞു. എന്നാൽ വർഷവും സുധി വാത്മീകവും ചെയ്ത ശേഷമാണ് രാമന്റെ ഏദൻതോട്ടത്തിലേക്ക് എത്തുന്നത്. വർഷം സിനിമയുടെ സമയത്ത് മമ്മൂക്കയോട്  കഥ പറഞ്ഞു. അദ്ദേഹം കഥ കേട്ട് എക്സൈറ്റഡായി. രാമന്റെ റോൾ ഞാൻ ചെയ്യാമെന്ന് ഇങ്ങോട്ട് പറഞ്ഞു. ആശയം മനസിലുണ്ടെങ്കിലും ക്ലൈമാക്സ് എങ്ങനെയാകണം എന്നൊന്നും തീരുമാനിച്ചിരുന്നില്ല. സുധി വാത്മീകത്തിന്റെ സമയത്ത് വീണ്ടും ഈ സിനിമയെക്കുറിച്ച് ആലോചിച്ചപ്പോൾ രാമനായിട്ട് പൃഥ്വിരാജിന്റെ മുഖമാണ് വന്നത്. ജയസൂര്യ എൽവിസും പൃഥ്വി രാമനുമായിട്ട് സിനിമ ചെയ്യാമെന്ന് കരുതി, പൃഥ്വിയോടും കഥ പറഞ്ഞു. 

മാലിനിയായി എന്റെ മനസിൽ ആദ്യം വന്നത് മഞ്ജു വാരിയരായിരുന്നു. മഞ്ജു സിനിമയിലേക്ക് തിരികെ എത്താൻ തീരുമാനിച്ച സമയത്ത് ഞാൻ ഈ കഥ പറയുകയും ചെയ്തു. അതു കഴിഞ്ഞ് പക്ഷെ ഞങ്ങൾ രണ്ടുപേരും മറ്റ് സിനിമകളുടെ തിരക്കിൽപ്പെട്ടതോടെ കൂടുതൽ ചർച്ചകൾ നടന്നില്ല.

അതിനുശേഷം മംമ്ത ഈ റോൾ ചെയ്താൽ കൊള്ളാമെന്ന് തോന്നി. വർഷം സിനിമയുടെ സമയത്ത് മംമ്തയോട് മാലിനിയെക്കുറിച്ച് പറഞ്ഞു. മംമ്ത ട്രീറ്റ്മെന്റിനായി യുഎസിലേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. തിരികെ വന്നശേഷം അഭിനയിക്കാം, അപ്പോഴേക്കും ഒരുമിച്ച് തിരക്കഥ ഡവലപ്പ് ചെയ്യാം എന്നെല്ലാം പറഞ്ഞു. ജീവിതത്തിലേക്ക് തിരികെ എത്താൻ മംമ്തയ്ക്കും ഈ ചിത്രം പ്രചോദനമാകുമെന്ന് കരുതി. സിനിമയുടെ ലൊക്കേഷനൊക്കെ ശരിയായി. ഞാൻ എഴുത്തും തുടങ്ങി. അപ്പോഴും നായികയെ തീരുമാനിച്ചിരുന്നില്ല.

അനു സിത്താര എന്റെ മനസിൽ പോലുമില്ലായിരുന്നു. അനുവിന്റെ സിനിമകളൊന്നും ഞാൻ കണ്ടിരുന്നില്ല. ഒരു അവാർഡ് ദാന ചങ്ങിന് എത്തിയപ്പോഴാണ് അനുവിനെ കാണുന്നത്. എന്റെ മനസിലെ മാലിനിയുമായി വിദൂരമായ സാമ്യം മാത്രമേ അന്ന് അനുവിനുണ്ടായിരുന്നുള്ളൂ. അവിചാരിതമായിട്ടാണ് കഥ പറയുന്നത്. സിനിമയിലെ വളരെ ഡെപ്തുള്ള ഒരു ഡയലോഗ് പറയാൻ പറ്റുമോയെന്ന് ചോദിച്ചു.  എന്റെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് അനു അത് ഭംഗിയായി പറഞ്ഞു. ഈ കഥാപാത്രം അനുവിന് ചെയ്യാൻ സാധിക്കുമോയെന്ന് ചോദിച്ചപ്പോൾ അവരുടെ ഭർത്താവ് വിഷ്ണുവാണ്, അനുവിനെക്കൊണ്ട് സാധിക്കുമെന്ന് പറഞ്ഞത്. അതും എനിക്കൊരു പ്രചോദനമായി. 

 ചിത്രീകരണത്തിന്റെ ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് രാമനായി കുഞ്ചാക്കോ ബോബൻ മതിയെന്ന് തീരുമാനിക്കുന്നത്. എങ്ങനെയെന്ന് അറിയില്ല, അപ്പോൾ എന്റെ മനസില്‍ ചാക്കോച്ചന്റെ മുഖം മാത്രമാണ് വന്നത്. മാലിനിയേക്കാൾ എനിക്ക് ഇഷ്ടം രാമനെയാണ്. എല്ലാ പുരുഷന്മാരിലും രാമനുമുണ്ട് എൽവിസുമുണ്ട്. സ്വന്തം ഭാര്യമാരുടെ മുന്നിൽ അവർ എൽവിസാണെങ്കിലും മറ്റുള്ളവരുടെ മുന്നിൽ അവർ രാമനായിരിക്കുമെന്ന് ഒരു പ്രമുഖ വ്യക്തി എന്നോട് പറയുകയും ചെയ്തിട്ടുണ്ട്.

ജോജു എൽവിസാകുന്നതും യാദൃശ്ചികമായിട്ടാണ്. രാജാധിരാജയുടെ സെറ്റിലൊക്കെ ജോജുവിനെ കണ്ടിട്ടുണ്ട്. അതല്ലാതെ വലിയ പരിചയമൊന്നുമില്ലായിരുന്നു. പ്രേതത്തിൽ അജുവിന്റെ റോൾ ആദ്യം ചെയ്യേണ്ടിയിരുന്നത് ജോജുവായിരുന്നു. ചില കാരണങ്ങൾ കൊണ്ട് അത് നടന്നില്ല, ജോജുവിനത് വിഷമമായിരുന്നു. അതിനുശേഷവും ജോജു ഇടയ്ക്കെന്നെ വിളിക്കുമായിരുന്നു. എങ്കിലും സിനിമ തുടങ്ങുന്ന ഘട്ടത്തിലും എൽവിസായി ജോജുവായിരുന്നില്ല മനസിൽ. എഴുത്തിന്റെ ഏതോ ഒരു ഘട്ടത്തിലാണ് എൽവിസായി ജോജു മതിയെന്ന് തീരുമാനിക്കുന്നത്.

സിനിമയുടെ ക്ലൈമാക്സിന്റെ കാര്യവും ഇതുപോലെ തന്നെയാണ്. ഒരുപാട് ക്ലൈമാക്സുകൾ ആലോചിച്ച ശേഷമാണ് ഇപ്പോഴുള്ളതിൽ എത്തിയത്. മമ്മൂക്കയോട് കഥ പറയുന്ന സമയത്ത് മാലിനി ഏദൻ തോട്ടത്തിലേക്ക് എത്തുന്നു. അവിടേക്ക് എൽവിസും മകളും കൂടി എത്തുകയും ആരുടെ കൂടെ പോകണമെന്ന തീരുമാനം മകൾക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നതായായിരുന്നു ആദ്യ ക്ലൈമാക്സ്. ഞാൻ പരിചയപ്പെട്ട നിരവധി സ്ത്രീകളാണ് മാലിനി എന്ന കഥാപാത്രത്തിന് പ്രചോദനമായത്. അവരാണ് ഈ ക്ലൈമാക്സ് വേണ്ടെന്ന് പറയുന്നത്. ഭൂരിഭാഗം സ്ത്രീകളും വിവാഹമോചനം നേടുന്നത് വീണ്ടുമൊരു വിവാഹം കഴിക്കാനല്ല, മറ്റൊരു റിലേഷനിലേക്ക് കടക്കാൻ അവർക്ക് ആദ്യം ഭയമായിരിക്കുമെന്ന് എന്റെ സുഹൃത്തുക്കളാണ് പറഞ്ഞത്.

ചിത്രീകരിക്കാൻ ഏറെ പ്രയാസം തോന്നിയ ഭാഗം സിനിമയുടെ ടെയിൽ എൻഡ് ആയിരുന്നു. മാലിനി രാമനെ കാറിൽ ഒരു സ്ഥലത്ത് ഡ്രോപ്പ് ചെയ്ത്, ഇരുവരും അവരുടേതായ ജീവിതത്തിൽ സന്തോഷത്തോടെ പോകുന്നതാണ് ഇപ്പോഴുള്ള ടെയിൽ എൻഡ്. എന്നാൽ അതാദ്യം എയർപോർട്ടിൽവെച്ച് ചിത്രീകരിക്കാനായിരുന്നു പ്ലാൻ. രണ്ട് വർഷത്തിന് ശേഷം മാലിനി ഡാൻസ് പ്രോഗ്രാമിനായി വിദേശത്തേക്ക് പോകാൻ എയർപോർട്ടിലെത്തുമ്പോൾ രാമനെ കാണുന്നതായിട്ട് ചിത്രീകരിക്കാമെന്ന് കരുതി എയർപോർട്ട് വരെ ബുക്ക് ചെയ്തു. അതിനുശേഷമാണ് ഇപ്പോഴുള്ള ക്ലൈമാക്സിലേക്ക് എത്തുന്നത്. 

അനുവിന് കാറോടിക്കാൻ അറിയില്ലായിരുന്നു. നാലഞ്ച് ദിവസം ഗിയറില്ലാത്ത വണ്ടിയിൽ ഓടിച്ച് പഠിച്ച ശേഷമാണ് ചിത്രീകരിക്കുന്നത്. ചാക്കോച്ചൻ നല്ലൊരു ഡ്രൈവറാണ്, എവിടെയെങ്കിലും ഇടിക്കാൻ ചാക്കോച്ചൻ എങ്ങനെയെങ്കിലും ബ്രേക്ക് ഇടുമായിരിക്കുമെന്ന ധൈര്യത്തിന്റെ പുറത്താണ് ആ രംഗം ചിത്രീകരിച്ചത്. എന്നാൽ അത്തരം അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല, എന്റെ മനസിലെ മാലിനിയെപ്പോലെ നന്നായിട്ട് തന്നെ അനു കാറോടിച്ചു. പിരിഞ്ഞുപോകുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞതൊന്നും തിരക്കഥയിൽ ഇല്ലായിരുന്നു. അറിയാതെ സംഭവിച്ചതായിരുന്നു ആ കണ്ണുനീർ. 

തന്റെ നേട്ടങ്ങൾക്ക് കാരണം രാമനല്ല, എൽവിസാണെന്ന് മാലിനി പറയുന്നതാണ് എനിക്ക് ഏറെ ഇഷ്ടമുള്ള ഡയലോഗ്. ഒരുപക്ഷെ എൽവിസ് ജീവിതത്തിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഇപ്പോഴത്തെ മാലിനി ഉണ്ടാകുമായിരുന്നില്ല. Some People Came and deprive for a reason എന്ന ഡയലോഗ് ഏറെ പ്രിയപ്പെട്ടത്. എനിക്കറിയാവുന്ന ഒരുപാട് പേരാണ് മാലിനിയുടെ സംഭാഷണം എഴുതാൻ കാരണമായത്.